സ്ത്രീകള്‍ക്ക് എപ്പോഴും ‘മൂഡ് സ്വിങ്‌സ്’… അതിന് കാരണമുണ്ട് ; വെളിപ്പെടുത്തലുമായി പഠനം
ഈ സമീപകാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒന്നാണ് മാനസികാരോഗ്യം. നടി കൃഷ്ണപ്രഭയുടെ ഡിപ്രഷന്‍ ഭ്രാന്താണെന്ന പരാമര്‍ശവും മോട്ടിവേഷണല്‍ സ്പീക്കറായ അഭിഷാദ് ഗുരുവായൂര്‍ സ്ത്രികളുടെ മൂഡ്‌സ്വിങ്‌സിനെ നിസാരവല്‍ക്കരിച്ച് നടത്തിയ പരാമര്‍ശവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒരു വിഷയത്തെ പറ്റി അറിയില്ലെങ്കില്‍ അതേ പറ്റി സംസാരിക്കുകയാണ് ചെയേണ്ടതെന്നും ഇത്തരത്തില്‍ അശാസ്ത്രീയമായും നിസാരവല്‍കരിച്ചും മാനസികാരോഗ്യ പ്രശ്‌നങ്ങളെ കാണരുതെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്.
സ്ത്രീകള്‍ക്ക് പരമസുഖമാണെന്നും എന്തിനും ഏതിനും മൂഡ് സ്വിങാണെന്ന് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു അഭിഷാദിന്റെ വിവാദ പരാമര്‍ശം. എന്നാൽ യഥാർത്ഥത്തിൽ പുരുഷന്മാരെക്കാള്‍ കൂടുതല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത സ്ത്രീകള്‍ക്ക് തന്നെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓസ്ട്രേലിയയിലെ ബെര്‍ഗോഫര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് സ്ത്രീകളിലെ വിഷാദ രോഗത്തെ പറ്റി പറയുന്നത്. ജനിതക വസ്തുകള്‍ പരിശോധിക്കുമ്പോള്‍ പുരുഷനെക്കാള്‍ സ്ത്രീക്ക് ക്ലിനിക്കല്‍ ഡിപ്രഷന്‍ സ്ഥിരീകരിക്കാന്‍ സാധ്യതകള്‍ കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. വിഷാദരോഗികളായി 20,000 ആളുകളുടെ ഡിഎന്‍എ പരിശോധിച്ച് പൊതുവായ ഡിപ്രഷനുള്ള പ്രവണത കണ്ടെത്തിയത്.
പുരുഷനെ അപേക്ഷിച്ച് സ്ത്രീകളില്‍ വിഷാദ രോഗത്തിന് കാരണമാവുന്ന ജനിതക ഘടകങ്ങള്‍ ഇരട്ടിയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. സത്രീകളില്‍ വിഷാദത്തിന് കാരണമാവുന്ന 13,000 ജനിതക മാര്‍ക്കറുകള്‍ കണ്ടെത്തിയിട്ടുണ്ട്. പുരുഷനില്‍ ഇത് വെറും 7,000 മാത്രമാണ്. ഈ അന്തരം തന്നെയാണ് ഇരുവരിലും മാനസികാരോഗ്യം വ്യത്യസ്തമായിരിക്കാന്‍ കാരണമായതും. മെറ്റബോളിസമോ ഹോര്‍മോണ്‍ ഉല്‍പാദനമോ ആയിരിക്കാം ഇതിന് പിന്നിലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ‘വിഷാദരോഗമുള്ള സ്ത്രീകളുടെ ശരീര ഭാരത്തിലെ മാറ്റങ്ങള്‍ അല്ലെങ്കില്‍ ഊര്‍ജ്ജ നിലയിലെ മാറ്റങ്ങള്‍ പോലുള്ള ഉപാപചയ ലക്ഷണങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ സഹായിക്കുന്ന ചില ജനിതക വ്യത്യാസങ്ങള്‍ തങ്ങള്‍ കണ്ടെത്തിയെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.
നിലവില്‍ പുരുഷനെ കേന്ദ്രീകരിച്ചാണ് പല വിഷാദ രോഗ മരുന്നുകളും വരുന്നത്. അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ പഠനം സഹായിക്കും. പഠനം സ്ത്രീകളിലെ വിഷാദരോഗത്തെ എങ്ങനെ ചികിത്സിക്കണമെന്നും അവയെ എങ്ങനെ മനസിലാക്കണമെന്നും കണ്ടെത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.