സ്വകാര്യ ബസ്സിന് തീപിടിച്ചു; 20 പേർ വെന്തുമരിച്ചു
രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്‌സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20 മിനിട്ടുകൾക്ക് ശേഷമാണ് പിൻഭാഗത്ത് നിന്ന് പുക ഉയർന്നതും പിന്നീട് തീ പടർന്നതും. ജോധ്പൂർ ഹൈവേയിലെ തായാത്ത് മേഖലയ്ക്ക് സമീപം ഇന്നലെയാണ് സംഭവം. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. 57 യാത്രക്കാരാണ് എ സി ബസ്സിൽ യാത്ര ചെയ്തിരുന്നത്. ഇതിൽ തന്നെ 19 പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ബസ്സിനകത്ത് നിന്നുതന്നെ കണ്ടെത്തുകയായിരുന്നു. 16 പേർ പരുക്കേറ്റ് ചികിത്സയിലാണ്. ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപെട്ടു. മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ ഡിഎൻഎ പരിശോധനകൾ നടത്തും.
പിൻഭാഗത്ത് നിന്ന് പുക ഉയർന്നതോടെ ബസ് നിർത്തി ആളുകളെ ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും തീ വേഗത്തിൽ പടർന്നതാണ് ആളപായത്തിന് ഇടയാക്കിയത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലം രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.