മുഖക്കുരു സംബന്ധിച്ച് പലര്‍ക്കുമുള്ള 6 തെറ്റിദ്ധാരണകളും അതിന്റെ സത്യാവസ്ഥയും
മുഖക്കുരു ഒരു സൗന്ദര്യം പ്രശ്‌നം മാത്രമല്ല. ചിലപ്പോള്‍ നമ്മുടെ തെറ്റായ ഭക്ഷണശീലങ്ങളുടേയും ചില ശാരീരിക പ്രശ്‌നങ്ങളുടേയും പ്രതിഫലനം കൂടിയാകാമത്. ഹോര്‍മോണുകളും മുഖക്കുരു വരുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മുഖക്കുരുവിനെ ഒരു സൗന്ദര്യ പ്രശ്‌നം മാത്രമായി കണ്ട് ചില വാട്ട്‌സ്ആപ്പ് വിദഗ്ധര്‍ പ്രചരിപ്പിക്കുന്ന പല തെറ്റിദ്ധാരണകളും നമ്മില്‍ പലരും വിശ്വസിച്ച് പോരാറുണ്ട്. അത്തരം ചില തെറ്റിദ്ധാരണകളും അവയുടെ യഥാര്‍ഥ വസ്തുതകളും പരിശോധിക്കാം. (Acne Myths and Misconceptions)
എണ്ണ പലഹാരങ്ങള്‍ കഴിക്കുമ്പോഴാണ് മുഖക്കുരു വരുന്നത്
മേല്‍ സൂചിപ്പിച്ചതുപോലെ മുഖക്കുരുവിന് നിരവധി കാരണങ്ങളുണ്ട്. എണ്ണ പലഹാരങ്ങള്‍ കഴിക്കുന്നത് കൊണ്ട് വരുന്ന ഒന്നല്ല മുഖക്കുരുക്കള്‍. ഗ്ലൈകെമിക് ഇന്‍ഡക്‌സ് ഉയര്‍ന്ന ഭക്ഷണങ്ങള്‍( ചോറ്, വൈറ്റ് ബ്രഡ്, പ്രൊസസ്ഡ് ബേക്കറി പലഹാരങ്ങള്‍, മധുരം, ഉരുളക്കിഴങ്ങ്, മധുരം ചേര്‍ത്ത പാനീയങ്ങള്‍) കഴിക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാം. പാല്‍ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും മുഖക്കുരു വരാന്‍ ഇടയാക്കിയേക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.
മുഖക്കുരു കൗമാരക്കാര്‍ക്ക് മാത്രമാണ് വരുന്നത്
കൗമാരക്കാര്‍ക്കുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുഖക്കുരുവിന് ഒരു കാരണമാണെങ്കിലും മുഖക്കുരു വരാന്‍ അങ്ങനെ പ്രത്യേകിച്ച് പ്രായപരിധിയൊന്നുമില്ല. 25-45 വയസിനിടയില്‍ 50 ശതമാനം സ്ത്രീകള്‍ക്കും 25 ശതമാനം പുരുഷന്മാര്‍ക്കും മുഖക്കുരു വന്നേക്കാം.
പേസ്റ്റ്, നാരങ്ങാനീര്, വെളുത്തുള്ളി മുതലായവ തേച്ചാല്‍ കുരു വേഗം കരിഞ്ഞുകിട്ടും
മേല്‍പ്പറഞ്ഞവയ്‌ക്കെല്ലാം പല ആന്റിബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. പക്ഷേ ഇവ അല്ലെങ്കില്‍ തന്നെ സെന്‍സിറ്റീവായ ചര്‍മ്മത്തില്‍ വലിയ ആഘാതമുണ്ടാക്കുന്നവയാണ്. ഇവ മുഖക്കുരു കൂടുതല്‍ ചുവക്കാനും ഇറിറ്റേഷന്‍ കൂടാനും പ്രശ്‌നം കൂടുതല്‍ വഷളാകാനും കാരണമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഖക്കുരു കുത്തിപ്പൊട്ടിക്കാതിരിക്കുക.
മധുരപദാര്‍ഥങ്ങളും ചോറും ബേക്കറി ഭക്ഷണങ്ങളും കുറയ്ക്കുക
ധാരാളം വെള്ളം കുടിക്കുക
പുതിയ മേക്ക്അപ്പ് സ്‌കിന്‍ കെയര്‍ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും പാച്ച് ടെസ്റ്റ് ചെയ്യുക
സ്വയം പ്രതിവിധി കാണാതെ ഡോക്ടറെ കണ്ട് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
ശരീരത്തില്‍ ഒരുപാട് ചൂടുണ്ടാകുമ്പോഴാണ് മുഖക്കുരു വരുന്നത്
തൈറോയ്ഡ് പ്രശ്‌നങ്ങള്‍, അണുബാധ, എക്‌സര്‍സൈസ് എന്നിവ കൊണ്ട് ശരീരത്തിന്റെ താപനില ഉയരാം. ഇത് ചൂടുകുരുക്കള്‍ക്ക് കാരണമാകാമെങ്കിലും മുഖക്കുരുവിന് ശരീരത്തിലെ ചൂടാണ് കാരണമെന്ന് പറയുന്നത് തെറ്റാണ്.
മലബന്ധമുള്ളവര്‍ക്ക് മുഖക്കുരു കൂടുതലായിരിക്കും
മലബന്ധവും ദഹനപ്രശ്‌നങ്ങളും മുഖക്കുരുവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല
സ്ഥിരമായി ഫേഷ്യല്‍ ചെയ്യുന്നത് മുഖക്കുരു കുറയ്ക്കും
ചില ആക്ടീവ് കെമിക്കലുകള്‍ മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കും എന്നിരിക്കിലും ഫേഷ്യലിന്റെ ഭാഗമായി ഒരുപാട് ഫിസിക്കല്‍ സ്‌ക്രബ്ബുകള്‍ ഉപയോഗിക്കുക, ഫേഷ്യല്‍ ഓയില്‍ മസാജ് ചെയ്യുക എന്നിവ മുഖക്കുരുക്കളെ കൂടുതല്‍ മോശമാക്കാനേ ഉപകരിക്കൂ.