Fincat

സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത; രണ്ട് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിൽ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. കോഴിക്കോട് കടപ്പുറത്ത് ഇന്നലെ ഉൾവലിഞ്ഞ കടൽ നിലവിൽ പൂർവസ്ഥിതിയിലായിട്ടുണ്ട്. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവർഷത്തിന്റെ പ്രത്യേകത. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം നിലനിൽക്കുന്ന ചക്രവാതചുഴി ഞായറാഴ്ചയോടെ കേരള കർണാടക തീരത്തിനു സമീപം ന്യുന മർദ്ദമായി ശക്തി പ്രാപിച്ചേക്കും.