കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന അണ്ടര്‍ 20 ലോകകപ്പ് ഫൈനലില്‍
സാന്റിയാഗോ: അണ്ടര്‍ 20 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന, മൊറോക്കൊയെ നേരിടും. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലില്‍ കടന്നത്. 72-ാം മിനിറ്റില്‍ മാതിയോ സില്‍വേറ്റി നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് ഫൈനലിലേക്കുള്ള വഴിയൊരുക്കിയത്. ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ്, മൊറോക്കൊ ഫൈനലില്‍ കടന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ നിശ്ചയിച്ചത്.
അര്‍ജന്റീനക്കെതിരെ കൊളംബിയ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ പകുതിയില്‍ കൂടുതല്‍ ആക്രമണം നടത്തിയതും കൊളംബിയ ആയിരുന്നു. എന്നാല്‍ അഞ്ച് താരങ്ങള്‍ ഉള്‍പ്പെടുന്ന അര്‍ജന്റീന പ്രതിരോധം പലപ്പോഴും ഗോള്‍ അകറ്റി നിര്‍ത്തി. ഇതോടെ ആദ്യ പാതിയില്‍ ഗോള്‍ ഒഴിഞ്ഞുനിന്നു. രണ്ടാം പാതിയില്‍ അര്‍ജന്റീന കോച്ച് ഡിയേഗോ പ്ലാസന്റെ തന്ത്രം മാറ്റി. പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് മാറി. ഇത് ഫലം കാണുകയും ചെയ്തു.
72-ാം മിനിറ്റില്‍ ഗോള്‍ പിറന്നു. പകരക്കാരനായി ഇറങ്ങിയ സില്‍വേറ്റി കൊളംബിയന്‍ ഗോള്‍ കീപ്പറെ കബളിപ്പിച്ച് വല കുലുക്കി. മേജര്‍ ലീഗ് സോക്കിറില്‍ ഇന്റര്‍ മയാമിയുടെ താരമാണ് സില്‍വേറ്റി. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം കൊളംബിയന്‍ താരം ജോണ്‍ റെന്റേരിയ ചുവപ്പ് കാര്‍ഡുമായി പുറത്തായത് കൊളംബിയക്ക് തിരിച്ചടിയായി. അതില്‍ നിന്ന് തിരിച്ചുകയറാന്‍ അവര്‍ക്ക് സാധിച്ചതുമില്ല.
ഫ്രാന്‍സ് പുറത്ത്
ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മൊറോക്കൊ മറികടന്നത്. 32-ാം മിനിറ്റില്‍ ലിസാന്‍ഡ്രു പിയേറെ ഒല്‍മെറ്റയുടെ സെല്‍ഫ് ഗോളിലാണ് മൊറോക്കൊ മുന്നിലെത്തുന്നത്. ആദ്യ പാതിയില്‍ ഫ്രാന്‍സിന് ഗോള്‍ തിരിച്ചടിക്കാന്‍ സാധിച്ചില്ല. എന്നാല്‍ 59-ാം മിനിറ്റില്‍ ലുകാസ് മൈക്കള്‍ ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് മത്സരം അധിക സമയത്തേക്ക്. ഇരു ടീമിനും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 107-ാം മിനിറ്റില്‍ റാബി സിന്‍ഗൗള ചുവപ്പ് കാര്‍ഡുമായി പുറത്തായത് ഫ്രാന്‍സിന് തിരിച്ചടിയായി.
പിന്നീട് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഫ്രാന്‍സിന് വേണ്ടി രണ്ടാം ഗാഡി ബെയുക്കുവിന് പിഴച്ചു. എന്നാല്‍ മൊറോക്കൊയ്ക്ക് വേണ്ടി മുഹമ്മദ് ഹമോണിയും അവസരം പാഴാക്കി. ഇതോടെ സ്‌കോര്‍ 3-3. പിന്നാലെ ഇരു ടീമുകളും അവസരം മുതലെടുത്തപ്പോള്‍ സ്‌കോര്‍ 4-4. മൊറോക്കൊയ്ക്ക് വേണ്ടി ആറാം കിക്കെടുത്ത നെയിം ബ്യാര്‍ ലക്ഷ്യം കണ്ടു. എന്നാല്‍ ഫ്രഞ്ച് താരം ഡിജിലിയന്‍ എന്‍ഗുസാന്റെ കിക്ക് മൊറോക്കന്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി.