കണ്ണ് മങ്ങുന്നത് പോലെ തോന്നാറുണ്ടോ? കാഴ്ചയുടെ പ്രശ്നമാണെന്ന് കരുതാൻ വരട്ടെ, ഈ രോഗങ്ങളുടെ മുന്നറിയിപ്പാവാം
നിങ്ങള്‍ക്ക് ഇടയ്ക്കൊക്കെ കാഴ്ച മങ്ങുന്നത് പോലെ തോന്നാറുണ്ടോ ? പലരും ഇത് കണ്ണിന്റെ കാഴ്ചയുടെ മാത്രം പ്രശ്നമാണെന്ന് കരുതുന്നു. എന്നാല്‍ ശരിക്കും ഇത് കണ്ണിന്റെ പ്രശ്നമാവണമെന്നില്ല. ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പറ്റി ശരീരം നല്കുന്ന ഒരു സിഗ്നലാവാം ഇത്. അതിനാല്‍ അവയെ നിസാരമായി തള്ളി കളയാന്‍ വരട്ടെ. കാഴ്ച മങ്ങലുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം;
പ്രമേഹം
കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കൂടുതല്‍ കേസുകളും പലപ്പോഴും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ ഇത് കണ്ണിലെ റെറ്റിനയ്ക്കുള്ളിലെ ചെറിയ രക്തക്കുഴലുകളെ അപകടകരമായി ബാധിച്ചേക്കാം. ഈ അവസ്ഥയെ ഡയബെറ്റിക് റെറ്റിനോപതിയെന്ന് വിളിക്കുന്നു. ഇത് മങ്ങിയ കാഴ്ച, രാത്രി കാഴ്ചാ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാവുന്നു. കൃത്യമായ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അന്ധതയ്ക്ക് വരെ കാരണമായേക്കാവുന്ന അവസ്ഥയാണ് ഡയബെറ്റിക് റെറ്റിനോപതി. അതിനാല്‍ കാഴ്ച പ്രശ്നങ്ങളും പ്രമേഹവുമുള്ളയാളാണെങ്കില് നിങ്ങള്‍ തീര്‍ച്ചയായും ഒരു നേത്ര വിദഗ്ദ്ധനെ കണ്ട് പരിശോധിക്കുക.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും കാഴ്ചാ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും. റെറ്റിനയിലെ രക്തക്കുഴലുകള്‍ ചുരുങ്ങുകയും ദ്രാവക ചോര്‍ച്ചയുണ്ടാവുകയും ചെയ്യുന്നത് വഴി കാഴ്ച മങ്ങിയേക്കാം. ഈ രോഗവസ്ഥയെയാണ് ഹൈപ്പര്‍ടെന്‍സീവ് റെറ്റിനോപ്പതി എന്ന് പറയുന്നത്. ഇത് കാഴ്ച മങ്ങലിന് പുറമേ തലവേദന, അന്ധത എന്നിവയ്ക്ക് വരെ കാരണമായേക്കാം. ഇവ പെട്ടെന്ന് മനസിലാക്കിയാല്‍ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതകള്‍ കുറഞ്ഞേക്കാം.
തലച്ചോറിന്റെയോ നാഡീവ്യവസ്ഥയുടെയോ പ്രശ്നങ്ങള്‍
തലച്ചോറിന്റെ പ്രശ്നങ്ങളോ നാഡീ വ്യവസ്ഥയുടെ പ്രശ്നമോ പലപ്പോഴും കാഴ്ചയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചേക്കാം. തലച്ചോറിനെയും കണ്ണിനെയും ബന്ധിപ്പിക്കുന്ന ഒപ്റ്റിക് നാഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാവാം ഈ കാഴ്ച മങ്ങലിന് പിന്നില്‍. ഇരട്ട കാഴ്ച, കാഴ്ച ശക്തി നഷ്ടപ്പെടല്‍, കണ്ണുകള്‍ ചലിപ്പിക്കുന്നതിലെ ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള പ്രശ്നങ്ങളും നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. ഇത് ചിലപ്പോള്‍ ബ്രെയിന്‍ ട്യൂമര്‍, മള്‍ട്ടിപ്പിള്‍ സ്ക്ളിറോസിസ്, സ്ട്രോക്ക് എന്നിവയുടെ സൂചനകളാവാനും സാധ്യതയുണ്ട്. അതിനാല്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്ന് നേത്ര രോഗ വിദഗ്ദ്ധനെ കാണാന്‍ മടിക്കരുത്. ഓര്‍ക്കുക ഏത് രോഗത്തിനെയും നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ സുഖപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്.