ലോകകപ്പ് യോഗ്യത നേടിയ ഖത്തർ ദേശീയ ഫുട്ബോൾ ടീമിന് അമീറിന്‍റെ സ്വീകരണം
ദോഹ: 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഖത്തർ ദേശീയ ഫുട്ബോൾ ടീം അംഗങ്ങളെ ലുസൈൽ കൊട്ടാരത്തിൽ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സ്വീകരിച്ചു. ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാരും പരിശീലകസംഘാംഗങ്ങളും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ഡെപ്യൂട്ടി അമീർ ശെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനിയും അമീറിന്‍റെ വ്യക്തിഗത പ്രതിനിധി ശെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനിയും പങ്കെടുത്തു.
ടീമംഗങ്ങൾക്കും പരിശീലക-നിർവാഹക സംഘത്തിനും ലോകകപ്പ് യോഗ്യത നേടിയതിൽ അമീർ അഭിനന്ദനം അറിയിച്ചു. കാനഡ, മെക്സിക്കോ, യു.എസ് എന്നീ രാജ്യങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിലേക്ക് വിജയകരമായി യോഗ്യത നേടിയത് കായികരംഗത്തും പ്രത്യേകിച്ച് ഫുട്ബോളിലും ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നതാണെന്ന് അമീർ പറഞ്ഞു. തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കണമെന്നും ഖത്തറിനെ മികച്ച രീതിയിൽ പ്രതിനിധീകരിക്കണമെന്നും മറ്റു അറബ് ടീമുകളോടൊപ്പം ലോകകപ്പിൽ ഖത്തർ തിളങ്ങണമെന്നും അമീർ ടീമംഗങ്ങളോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു.
അമീറി ദിവാൻ മേധാവി അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി, കായിക-യുവജനകാര്യ മന്ത്രി കൂടിയായ അറബ് ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ശെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽ താനി, ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ജാസിം റാഷിദ് അൽ-ബുവൈനൈൻ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ചൊവ്വാഴ്ച നടന്ന ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ അവസാന റൗണ്ടിൽ യു.എ.ഇയെ 2-1ന് പരാജയപ്പെടുത്തിയാണ് ഖത്തർ 2026 ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചത്. 2022 ൽ ആതിഥേയരെന്ന നിലയിൽ ആദ്യമായി ലോകകപ്പിൽ പന്തുതട്ടിയ ഖത്തർ, യോഗ്യത മത്സരങ്ങളിലൂടെ ആദ്യമായാണ് ലോകകപ്പിന് യോഗ്യത നേടുന്നത്.