75-ാം ദിവസം സര്‍പ്രൈസ്! ഒരാള്‍ ഇന്ന് പുറത്തേക്ക്? മിഡ് വീക്ക് എവിക്ഷന്‍ പ്രഖ്യാപിച്ച് ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്, അതിന്‍റെ എല്ലാ ആവേശത്തോടും തന്നെ. ബിഗ് ബോസ് എന്നാല്‍ തന്നെ നിരവധി സര്‍പ്രൈസുകള്‍ അടങ്ങിയ ഷോ ആണ്. ഇപ്പോഴിതാ സീസണിന്‍റെ 75-ാം ദിവസം മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ഒരു വലിയ സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് ബിഗ് ബോസ്. ഇതിന്‍റെ സൂചന അടങ്ങിയ ഒരു പുതിയ പ്രൊമോ ആണ് ഏഷ്യാനെറ്റ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു മിഡ് വീക്ക് എവിക്ഷന്‍ നടക്കാനുള്ള സാധ്യതയിലേക്ക് വാതില്‍ തുറക്കുന്നതാണ് ഈ പ്രൊമോ.
ഷോയില്‍ ഒരു മിഡ് വീക്ക് എവിക്ഷന്‍ നടക്കുകയാണെന്നും അതിനായി മത്സരാര്‍ഥികള്‍ക്ക് പരസ്പരം നോമിനേറ്റ് ചെയ്യാമെന്നും പറയുകയാണ് ബിഗ് ബോസ്. ഓപണ്‍ നോമിനേഷനാണ് ഇതിനായി ബിഗ് ബോസ് നടത്തുന്നത്. എല്ലാവരും ലിവിംഗ് റൂമിലെ സോഫയില്‍ ഇരുന്ന്, ടിവിക്ക് മുന്നില്‍ ഓരോരുത്തരായി വന്നാണ് നോമിനേഷന്‍ നടത്തുന്നത്. ഇത് പ്രകാരം അനീഷ് ആര്യന്‍റെ പേരാണ് പറയുന്നത്. ഷാനവാസ് ആദിലയെ നോമിനേറ്റ് ചെയ്യുമ്പോള്‍ ആദില ഷാനവാസിന്‍റെ പേരും പറയുന്നു. ലക്ഷ്മി, ആര്യന്‍ എന്നിവരും ആദിലയുടെ പേര് പറയുന്നു. അങ്ങനെ ഏറ്റവുമധികം വോട്ടുകള്‍ കിട്ടുന്നത് ആദിലയ്ക്കാണ്.
തുടര്‍ന്ന് ബിഗ് ബോസിന്‍റെ അനൗണ്‍സ്‍മെന്‍റ് വരുന്നു. “ആദിലയ്ക്ക് എല്ലാവരോടും യാത്ര പറഞ്ഞ് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാം”. തുടര്‍ന്ന് 75 ദിവസം ഒപ്പമുണ്ടായിരുന്നവരോട് യാത്ര പറഞ്ഞ് പുറത്തേക്ക് നടക്കുന്ന ആദിലയെയും പ്രൊമോയില്‍ കാണാം. ആദില ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടുമ്പോള്‍ അത് നിരസിക്കുന്ന ഷാനവാസിനെയും പ്രൊമോയില്‍ കാണാം. തുടര്‍ന്ന് പ്രധാന വാതില്‍ തുറക്കുന്നതും പ്രൊമോയില്‍ ഉണ്ട്. എന്നാല്‍ ഇത് യഥാര്‍ഥത്തിലുള്ള ഒരു മിഡ് വീക്ക് എവിക്ഷന്‍ ആയിരിക്കുമോ എന്ന സംശയം പ്രേക്ഷകരില്‍ പലരും ഉയര്‍ത്തുന്നുണ്ട്.
മിഡ് വീക്ക് എവിക്ഷനിൽ ആദില പുറത്തേക്കോ? എന്നാണ് ഈ പ്രൊമോയ്ക്ക് അണിയറക്കാര്‍ തന്നെ കൊടുത്തിരിക്കുന്ന ഹെഡ്ഡിംഗ്. ഒരുപക്ഷേ ബിഗ് ബോസിന്‍റെ ഒരു പ്രാങ്ക് ആയിരിക്കാം ഇതെന്നും ആദില പ്രധാന വാതിലിലൂടെ പുറത്തേക്ക് എത്തിയാല്‍ സീക്രട്ട് റൂമില്‍ പ്രവേശിപ്പിക്കുകയാവും ചെയ്യുന്നതെന്നുമൊക്കെയാണ് പ്രൊമോയുടെ കമന്‍റ് ബോക്സില്‍ നിറയുന്ന കമന്‍റുകള്‍. എവിക്ഷന്‍ നടന്നാലും ഇല്ലെങ്കിലും അന്തിമഘട്ടത്തില്‍ ഗെയിം ചൂടുപിടിപ്പിക്കാനുള്ള ബിഗ് ബോസിന്‍റെ സ്മാര്‍ട്ട് മൂവ് തന്നെ ആയിരിക്കും ഇത്.