Fincat

‘ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചു, ഉടൻ നിർത്തും’; ആവ‍ർത്തിച്ച് ട്രംപ്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യുക്രെയ്‌ന്‍ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്ക് ശേഷം പ്രസിഡൻറ് സെലൻസ്കിയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് അവകാശവാദം ആവർത്തിച്ചത്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഫോൺ സംഭാഷണത്തിൽ ഉറപ്പുനൽകിയതായി കൂടിക്കാഴ്ച്ചക്കിടെ ട്രംപ് സെലെൻസ്കിയെ അറിയിച്ചു. അതേസമയം ട്രംപിൻറെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ആവർത്തിച്ചത്.

‘ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല. അവർ ഇതിനോടകം അത് കുറച്ചു’ എന്നായിരുന്നു ട്രംപ് പറഞ്ഞത്. നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ, നയതന്ത്രവും താരിഫും ഉപയോഗിച്ച് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന ട്രംപിന്‍റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്കിടയിലാണ് ഈ പരാമർശം. എന്നാൽ രാജ്യത്തെ ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന മുൻനിലപാട് ഇന്ത്യ ആവർത്തിച്ചു. ഊർജ്ജ ഇറക്കുമതി വിഷയത്തിൽ രാജ്യത്തിന്റെ താൽപര്യം പൂർണമായും സംരക്ഷിക്കപ്പെടുമെന്നും ഇന്ത്യ മറുപടി നൽകി.

നേരത്തെ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണം വാങ്ങില്ലെന്ന് നരേന്ദ്ര മോദി തന്നോട് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ബുധനാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അമേരിക്കൻ പ്രസിഡന്‍റിന്‍റെ അവകാശവാദം. പിന്നാലെ മോദിയും ട്രംപും തമ്മിൽ ഫോൺ സംഭാഷണം നടന്നതായി അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.