Fincat

സുവര്‍ണാവസരം മിസ്സാക്കല്ലേ…സ്വാന്‍ വാല്‍നക്ഷത്രം ഒക്ടോബർ 21ന് ദൃശ്യമാകും

ലോകമെമ്പാടുമുള്ള വാനനിരീക്ഷകർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് പോലും ദൃശ്യമാകുന്ന ഒരു വാൽനക്ഷത്രത്തെ കാണാനുള്ള അപൂർവ അവസരം ഒരുങ്ങുന്നു. പുതുതായി കണ്ടെത്തിയ C/2025 R2 (SWAN) എന്ന വാൽനക്ഷത്രം ഒക്‌ടോബര്‍ 21-ന് ഭൂമിയുടെ തൊട്ടരികിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാസം ഒരു യുക്രെനിയൻ അമേച്വർ ജ്യോതിശാസ്ത്രജ്ഞൻ കണ്ടെത്തിയ ഈ വാൽനക്ഷത്രം സൂര്യനോട് അടുക്കുന്നതോടെ അതിവേഗം തിളങ്ങുകയാണ്. ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നാണ് സ്വാന്‍ വാല്‍നക്ഷത്രത്തിന്‍റെ ആഗമനം.

സ്വാന്‍ വാൽനക്ഷത്രത്തെ കണ്ടെത്തിയ കഥ
സ്വാന്‍ വാൽനക്ഷത്രത്തെ ആദ്യമായി തിരിച്ചറിഞ്ഞത് സെപ്റ്റംബർ 10-ന് യുക്രെനിയൻ ജ്യോതിശാസ്ത്രജ്ഞനായ വ്‌ളാഡിമിർ ബെസുഗ്ലിയാണ്. അതിന്‍റെ അസാധാരണമായ തെളിച്ചവും ഭൂമിയോടുള്ള സാമീപ്യവും കാരണം സി/2025 ആര്‍2 (സ്വാന്‍) വാൽനക്ഷത്രം ജ്യോതിശാസ്‍ത്രജ്ഞരുടെയും ആകാശ നിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വാൽനക്ഷത്രം സൂര്യനോട് അടുക്കുമ്പോൾ, സൗരോർജ്ജത്തിന്‍റെ ഫലമായി അതിന്‍റെ മഞ്ഞുമൂടിയ ന്യൂക്ലിയസ് സപ്ലിമേഷന് വിധേയമാകുന്നു. തണുത്തുറഞ്ഞ വാതകങ്ങൾ നേരിട്ട് നീരാവിയായി മാറുന്ന ഒരു പ്രക്രിയ ആണിത്. ഇത് വാതകത്തിന്‍റെയും പൊടിയുടെയും ഒരു തിളക്കമുള്ള ഷെൽ സൃഷ്‍ടിക്കുന്നു. വാൽനക്ഷത്രത്തിന്‍റെ നീളമുള്ളതും തിളങ്ങുന്നതുമായ വാൽ രൂപപ്പെടുന്നത് ഇങ്ങനെയാണ്. ഈ വാലാണ് വാൽനക്ഷത്രത്തെ തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്നത്. സെപ്റ്റംബർ 12-ന് സ്വാന്‍ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും അടുത്തെത്തി. ഏകദേശം 47 ദശലക്ഷം മൈൽ അകലെ ആയിരുന്നു അപ്പോൾ അത്. ഈ സമയത്ത് അതിന്‍റെ തെളിച്ചം 5.6 മാഗ്നിറ്റ്യൂഡ് ആയിരുന്നു. ഇതിനർഥം ആകാശം പൂർണ്ണമായും ഇരുണ്ടതും വ്യക്തവുമാണെങ്കിൽ ഒരു ഉപകരണവുമില്ലാതെ പോലും നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ വാല്‍നക്ഷ‌ത്രത്തെ മങ്ങിയതായെങ്കിലും തിരിച്ചറിയാം എന്നാണ്.

സ്വാന്‍ വാൽനക്ഷത്രം ഇന്ത്യയില്‍ എപ്പോൾ, എവിടെ കാണാം?
ഒക്‌ടോബര്‍ 21-ന് സ്വാന്‍ വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്ത് എത്തും. വൈകുന്നേരത്തെ ആകാശത്ത്, പ്രത്യേകിച്ച് സൂര്യാസ്‌തമയത്തിനു തൊട്ടുപിന്നാലെയുള്ള മണിക്കൂറുകളിൽ ഈ വാൽനക്ഷത്രം ദൃശ്യമാകും. പ്രകാശം കുറവുള്ള ഇരുണ്ട ഗ്രാമപ്രദേശങ്ങളിലെ ആകാശനിരീക്ഷകർക്ക് ഒപ്റ്റിക്കൽ സഹായമില്ലാതെ തന്നെ ഇത് കാണാനുള്ള ഏറ്റവും മികച്ച അവസരമാണിത്. ഒക്‌ടോബര്‍ അവസാനത്തോടെ, തെക്കൻ ചക്രവാളത്തിൽ സഡാൽമെലിക്, സഡാൽസുഡ് നക്ഷത്രങ്ങൾക്കിടയിൽ ഇത് ദൃശ്യമാകും. വാൽനക്ഷത്രത്തിന്‍റെ സ്ഥാനം തത്സമയം കണ്ടെത്താൻ സഹായിക്കുന്നതിന് സ്റ്റെല്ലേറിയം അല്ലെങ്കിൽ സ്കൈ ഗൈഡ് പോലുള്ള നക്ഷത്ര നിരീക്ഷണ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ വിദഗ്‌ധർ ശുപാർശ ചെയ്യുന്നു.