വീണ്ടും ഓവറുകള്‍ വെട്ടിക്കുറച്ചു, ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം, ശ്രേയസും പുറത്ത്, പെര്‍ത്തില്‍ മഴയുടെ കളി തുടരുന്നു
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ മഴ പലതവണ വില്ലനായപ്പോള്‍ മത്സരം 32 ഓവര്‍ വീതമായി വെട്ടിക്കുറച്ചു.ടോസ് നഷ്ടമായി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഒമ്ബതാം ഓവറിലാണ് ആദ്യം മഴയെത്തിയത്. ചെറിയ ഇടവേളക്ക് ശേഷം മത്സരം വീണ്ടും തുടങ്ങിയപ്പോള്‍ ആദ്യം മത്സരം 49 ഓവര്‍ വീതമായി വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഇന്ത്യൻ ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറില്‍ വീണ്ടും മഴ പെയ്തോടെ മത്സരം ഒന്നര മണിക്കൂറോളം നിര്‍ത്തിവെക്കേണ്ടി വന്നു. ഇതോടെ മത്സരം 35 ഓവര്‍ വീതമായി വെട്ടിക്കുറച്ചു്. ഇന്ത്യ ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ മഴ വീണ്ടും കളി മുടക്കിയതോടെ 32 ഓവര്‍ വീതമായി വെട്ടിക്കുറച്ചു. മത്സരം 35 ഓവര്‍ വീതമാക്കിയതോടെ രണ്ട് ബൗളര്‍ക്ക് മാത്രമെ പരമാവധി ഏഴോവര്‍ എറിയാനാകു. മൂന്ന് ബൗളര്‍മാര്‍ക്ക് ആറോവര്‍ വീതം എറിയാനാകും.
മൂന്നാം തവണ മഴമാറി കളി തുടങ്ങിയതിന് പിന്നാലെ ഇന്ത്യക്ക് ശ്രേയസ് അയ്യരുടെ വിക്കറ്റ് കൂടി നഷ്ടമായിരുന്നു. 24 പന്തില്‍ 11 റണ്‍സെടുത്ത ശ്രേയസിനെ ഹേസല്‍വുഡാണ് പുറത്താക്കിയത്. ശ്രേയസ് പുറത്തായതിന് പിന്നാലെ വീണ്ടും മഴ എത്തിയതോടെ മത്സരം വീണ്ടും തടസപ്പെട്ടു. മഴമൂലം കളി നിര്‍ത്തുമ്ബോള്‍ ഇന്ത്യ 14.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സോടെ അക്സര്‍ പട്ടേലും റണ്ണൊന്നുമെടുക്കാതെ കെ എല്‍ രാഹുലുമാണ് ക്രീസില്‍.
രോ-കോ സഖ്യത്തിന് നിരാശ
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി രോഹിത് പ്രതീക്ഷ നല്‍കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹേസല്‍വുഡിന്‍റെ എക്സ്ട്രാ ബൗണ്‍സ് രോഹിത്തിനെ ചതിച്ചു. ഓഫ് സ്റ്റംപ് ലൈനില്‍ കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റുവെച്ച രോഹിത്തിനെ സ്ലിപ്പില്‍ മാറ്റ് റെൻഷാ കൈയിലൊതുക്കി. പിന്നാലെ കിംഗ് കോലി ക്രീസിലെത്തി. ഹേസല്‍വുഡിന്‍റെ നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍ ബി ഡബ്ല്യു അപ്പീല്‍ അതിജീവിച്ചെങ്കിലും നേരിട്ട ആദ്യ ഏഴ് പന്തിലും കോലിക്ക് അക്കൗണ്ട് തുറക്കാനായില്ല.
ഒടുവില്‍ നേരിട്ട എട്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഫ്ലാഷി ഡ്രൈവിന് ശ്രമിച്ച കോലിയെ പോയന്‍റില്‍ കൂപ്പര്‍ കൊണോളി പറന്നു പിടിച്ചു. ഓസ്ട്രേലിയയില്‍ കഴിഞ്ഞ 30 ഏകദിന ഇന്നിംഗ്സുകളില്‍ കോലിയുടെ ആദ്യ ഡക്കാണിത്. കോലി കൂടി മടങ്ങിയതോടെ പ്രതിരോധത്തിലായ ഇന്ത്യയെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ നഥാന്‍ എല്ലിസിന്‍റെ ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച ഗില്ലിനെ വിക്കറ്റിന് പിന്നില്‍ ജോഷ് ഫിലിപ്പ് പറന്നുപിടിച്ചു. ഇതോടെ ഇന്ത്യ 25-3ലേക്ക് കൂപ്പുകുത്തി. 18 പന്ത് നേരിട്ട ഗില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സാണ് നേടിയത്. ഓസ്ട്രേലിയക്കായി ഏഴോവറില്‍ 20 റണ്‍സ് വഴങ്ങി ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനിലെത്തി.