Fincat

ഒരുമാറ്റവുമില്ല; എമർജൻസി വിൻഡോ അടക്കം തകർത്ത് ജനക്കൂട്ടം; ഉത്തരേന്ത്യയിൽ ട്രെയിൻയാത്ര ഇന്നും ദുരിതയാത്ര

ദീപാവലി അടുത്തുവരുന്നതോടെ സ്വന്തം വീടുകളിലേക്കെത്താൻ പാടുപെടുന്നവരാകും നമ്മളിൽ പലരും. ട്രെയിൻ ആകട്ടെ, ബസുകൾ ആകട്ടെ കിട്ടുന്ന വണ്ടിയിൽ വീട്ടിലേക്കെത്താനായിരിക്കും നമ്മുടെയെല്ലാം ലക്ഷ്യം. കനത്ത തിരക്ക് കൂടിയായിരിക്കും ദീപാവലിയോട് അടുത്ത ദിവസങ്ങളിൽ സ്റ്റേഷനുകളിലും മറ്റും ഉണ്ടാകുക. ദീർഘദൂര യാത്രക്കാർ കൂടുതലായും ട്രെയിനുകളെ ആശ്രയിക്കുന്നു എന്നത് കൊണ്ടാണത്.

എന്നാൽ ചില സമയങ്ങളിൽ തിരക്ക് എല്ലാ മര്യാദകളെയും ലംഘിക്കാറുണ്ട്. ഉത്തരേന്ത്യയിൽ പ്രത്യേകിച്ചും. ടിക്കറ്റ് ലഭിക്കാത്തവർ അടക്കം

പ്ലാറ്റ്ഫോമുകളിലേക്ക് ഓടിക്കയറുകയും ട്രെയിൻ പിടിക്കാൻ കാത്തുനിൽക്കുകയും ചെയ്യും. റിസർവേഷൻ കോച്ചുകളിൽ കയറി മറ്റുളവരുടെ സമാധാനം കെടുത്തും. ഇത് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരെ ബുദ്ധിമുട്ടിലാക്കുക മാത്രമല്ല, വലിയൊരു ക്രമസമാധാന പ്രശ്നം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

പട്ന റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വലിയ തിരക്കാണ് പട്ന സ്റ്റേഷനിൽ അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളിൽ കയറിപ്പറ്റാൻ നിരവധി ആളുകളാണ് സ്റ്റേഷനിലേക്കെത്തുന്നത്. തിരക്ക് നിയന്ത്രിക്കാൻ ചിലയിടങ്ങളിൽ പൊലീസുകാർ ഉണ്ടെങ്കിലും ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ജനങ്ങൾ സ്റ്റേഷനിലേക്ക് തിരക്കിയെത്തുകയാണ് എന്നതുതന്നെയാണ്. ട്രെയിനുകളുടെ എമർജൻസി വിൻഡോയും തകർത്തിട്ടാണ് ചിലയാളുകൾ ഇരിക്കാൻ ഇടം കണ്ടെത്തിയിട്ടുള്ളത്. സീറ്റുകൾ പിടിക്കാനും മറ്റും ജനാലകളിലൂടെ ബാഗുകൾ വെയ്ക്കുന്നതും, എന്തിന് കുട്ടികളെയടക്കം ഉള്ളിലേക്ക് കയറ്റിവിടുന്നവരും നിരവധിയാണ്.

ദീപാവലി തിരക്ക് മുൻപിൽ കണ്ടുകൊണ്ട് പ്ലാറ്റ്‌ഫോം ടിക്കറ്റുകൾക്കും മറ്റും നിയന്ത്രണം ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചിരുന്നു. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകാരെ സ്റ്റേഷന് ഉള്ളിലേക്ക് കടത്തിവിടരുതെന്നും റെയിൽവേ നിർദേശം നൽകിയിരുന്നു. എന്നാൽ പട്നയിൽ ഇതെല്ലാം പ്രവർത്തികമായോ എന്ന കാര്യത്തിൽ സംശയമുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ന്യൂ ഡൽഹി റെയിൽവേ സ്റേഷനിൽ നടന്ന അപകടത്തിന് പിന്നാലെയാണ് റെയിൽവേ തിരക്ക് ക്രമീകരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. പ്രയാഗ് രാജിലെ മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 18 പേരാണ് മരിച്ചത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്‌തെന്നും ഓരോ മണിക്കൂറിലും 1,500 നടുത്ത് ജനറല്‍ ടിക്കറ്റുകള്‍ വിറ്റുവെന്നും കണ്ടെത്തലുണ്ടായിരുന്നു.