തീവ്ര വ്യാപാര യുദ്ധത്തിന് സാധ്യത: ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ പിന്തുണ തേടി അമേരിക്ക
അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള വ്യാപാര ബന്ധം വഷളാകുന്നതിനിടെ, ഇന്ത്യ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണ അമേരിക്ക പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് . അപൂര്‍വ ധാതുക്കളുടെ വിഷയത്തില്‍ ചൈന സ്വീകരിക്കുന്ന നിലപാടുകള്‍ ആഗോള വിതരണ ശൃംഖലയെയും ലോകത്തിന്റെ വ്യാവസായിക അടിത്തറയെയും ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സഖ്യകക്ഷികളുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ടെന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയില്‍ നിന്നും, ഏഷ്യയിലെ ജനാധിപത്യ രാജ്യങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയുടെ നീക്കങ്ങള്‍ പ്രകോപനപരമാണെന്ന് ട്രഷറി സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. ലോകത്ത് സമാധാനത്തിനായി പരിശ്രമിക്കുന്നത് അമേരിക്കയാണ്, എന്നാല്‍ ചൈന യുദ്ധത്തിന് ധനസഹായം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ ഒക്ടോബര്‍ അവസാനത്തോടെ ദക്ഷിണ കൊറിയയില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ക്കിടെയാണ് പുതിയ സംഭവവികാസങ്ങള്‍
ട്രംപിന്റെ പ്രതികരണം; ആശങ്ക വേണ്ട
നിര്‍ണായകമായ അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ചൈനയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ട്രംപിന്റേത് അനുരഞ്ജനത്തിന്റെ സ്വരമായിരുന്നു. ചൈനയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും യുഎസ് ചൈനയെ സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. ചൈനയ്ക്ക് മാന്ദ്യം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കുറിച്ചു. നവംബര്‍ 1-നകം ചൈനീസ് ഇറക്കുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റിന്റെ ഭീഷണിയോട് ചൈന പ്രതികരിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പോസ്റ്റ്. നിലവില്‍ ആഗോള അപൂര്‍വ ധാതു ഖനനത്തിന്റെ 70 ശതമാനവും സംസ്‌കരണ ശേഷിയുടെ 90 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ്.