Fincat

അമിത നിരക്ക് ഈടാക്കുന്ന ഓൺലൈൻ ടാക്സികൾക്ക് മുന്നറിയിപ്പുമായി ഒമാൻ ഗതാഗത മന്ത്രാലയം

ഒമാനില്‍ അമിത നിരക്ക് ഇടാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗത, വാര്‍ത്താ വിനിമയ വിവര സാങ്കേതിക മന്ത്രാലയം. അനുമതി ഇല്ലാതെ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് മന്താലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഒമാനിലെ ചില ഓണ്‍ലൈന്‍ ടാക്‌സികള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയെതുടര്‍ന്നാണ് മുന്നറിയിപ്പുമായി ഗതാഗത, വാര്‍ത്താ വിനിമയ വിവര സാങ്കേതിക മന്ത്രാലയം രംഗത്തെത്തിയത്.

അനധികൃതമായി നിരക്കില്‍ മാറ്റംവരുത്തുന്നത് ചട്ടലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘകര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ടാക്സി ഓപ്പറേറ്റര്‍മാര്‍ക്കായി പ്രത്യേക ആപ്ലിക്കേഷന്‍ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും ആപ്ലിക്കേഷന്‍ പരിചയപ്പെടാന്‍ ആവശ്യമായ സമയവും അനുവദിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ടാക്‌സികളുടെ നിയന്ത്രണവും മേല്‍നോട്ടവും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും കാര്യക്ഷമതയും ഉറപ്പാക്കി ഒമാന്റെ ഗതാഗത മേഖലയെ നവീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ടാക്‌സികളുടെ സേവനം പൂര്‍ണമായും ആപ്പ് അധിഷ്ഠിതമാക്കാനുളള നടപടികളും പുരോഗമിക്കുകയാണ്.

ഒമാനിലെ എല്ലാ വെള്ള, ഓറഞ്ച് ടാക്‌സികളും ലൈസന്‍സുള്ള സ്മാര്‍ട്ട് ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം ഇതിനകം തന്നെ രാജ്യത്തെ കമ്പനികള്‍ക്ക് മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഒമാന്‍ ടാക്‌സസി, ഒടാക്സി, മര്‍ഹബ, ഹല, തസ്ലീം എന്നിവയാണ് മന്ത്രാലയം ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍. നിലവില്‍ നിരവധി ടാക്‌സികള്‍ ആപ്പ് അധിഷ്ഠിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സേവനങ്ങള്‍ സജീവമായതോടെ ടാക്സി നിരക്കില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.

പരമ്പരാഗത ടാക്‌സികള്‍ക്ക് പകരം ഡിജിറ്റല്‍ സംവിധാനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടാക്സികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായി. ടാക്‌സി ബുക്കിംഗ് കൂടുതല്‍ സൗകര്യപ്രദാമണെന്നതും താരതമ്യേന കുറഞ്ഞ നിരക്കുമാണ് ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. നിലവില്‍ അര ഡസനിലധികം കമ്പനികളാണ് ഈ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി പുതിയ തൊഴില്‍ അവസരങ്ങളും തുറക്കപ്പെടുന്നുണ്ട്.