ഉപഭോക്താക്കൾക്ക് ഓഡറുകൾ സ്വന്തമാക്കാൻ വെറും 15 മിനിറ്റ്; യുഎഇയിൽ പുതിയ സംവിധാനവുമായി ആമസോൺ
യുഎഇയിൽ എവിടെയും ഓഡറുകൾ ഉപഭോക്താക്കളിലേക്ക് വേഗത്തിലെത്തിക്കാൻ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോൺ. വെറും 15 മിനിറ്റിനുള്ളിൽ അവശ്യവസ്തുക്കൾ യുഎഇയിലെ ഉപഭോക്താക്കളിലേക്കെത്തിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ആമസോൺ നൗ എന്ന പ്ലാറ്റ്ഫോം വഴിയാണ് വേഗത്തിലുള്ള ഓഡറുകൾ ഉപഭോക്താക്കളിലേക്കെത്തുക. ചില പ്രദേശങ്ങളിൽ ആറ് മിനിറ്റുകൊണ്ട് തന്നെ ഓഡറുകൾ എത്തിക്കാൻ കഴിഞ്ഞെന്ന് ആമസോൺ അവകാശപ്പെട്ടു.
ആമസോണിന്റെ ഈ പുതിയ സേവനം ദുബായ് മറീന, ബിസിനസ് ബേ, അബുദാബി സെൻട്രൽ ഉൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളിൽ ലഭ്യമാക്കിയതായി കമ്പനി അറിയിച്ചു. ഓഡറുകളുടെ ഡെലിവറി ദൂരം കുറയ്ക്കാനും ട്രാഫിക് തിരക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ട്, ജനവാസ മേഖലകളിൽ മൈക്രോ-ഫുൾഫിൽമെൻ്റ് സെൻ്ററുകൾ ആമസോൺ സ്ഥാപിച്ചിട്ടുണ്ട്.
പുതിയ സേവനം വഴി ഉപഭോക്താക്കൾക്ക് പഴങ്ങൾ, പച്ചക്കറികൾ, ഇലക്ട്രോണിക്സ്, വ്യക്തിഗത പരിചരണ ഉത്പന്നങ്ങൾ, ബേബി ഉത്പന്നങ്ങൾ എന്നിവ ഏത് സമയത്തും ലഭ്യമാക്കുന്നു. ആമസോൺ പ്രൈം അംഗങ്ങൾക്ക് 25 ദിർഹത്തിന് മുകളിലുള്ള ഓർഡറുകൾക്ക് സൗജന്യ ഷിപ്പിംഗ് ലഭിക്കും. മറ്റുള്ളവർക്ക് ഒരു ഓർഡറിന് ചെറിയ തുക ഡെലിവറിയ്ക്കായി നൽകേണ്ടിവരും.
പലചരക്ക് സാധനങ്ങൾ മുതൽ ഗാഡ്‌ജെറ്റുകൾ വരെ ഉൾപ്പെടുന്ന 30-ൽ അധികം വിഭാഗങ്ങളിലെ ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്കായി ആമസോൺ ഒരു ‘2 മണിക്കൂർ ഡെലിവറി’ സേവനവും അവതരിപ്പിച്ചു. ഇതിൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് 100 ദിർഹത്തിന് മുകളിലുള്ള ഓർഡറുകൾക്ക് ഈ 2 മണിക്കൂർ ഡെലിവറി സൗജന്യമായി ആസ്വദിക്കാനാകും.