ഇൻസ്പെക്ടർക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി
ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. ഡി ജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതി.
ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ താനുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് മുപ്പത്തിയാറുകാരിയുടെ പരാതി. വീട്ടിലും ഹോട്ടലിലും ഉൾപ്പെടെ വിളിച്ചു വരുത്തിയെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു. നിരന്തരം ഫോണിൽ വിളിക്കാറുണ്ടെന്നും വിഡിയോ കോളിൽ വരാൻ ആവശ്യപ്പെടാറുണ്ടെന്നും യുവതി പറഞ്ഞു.
തെളിവായി വാട്സാപ്പ് ചാറ്റുകളും പുറത്തുവിട്ടു. ഭാര്യയും മക്കളും വീട്ടിലില്ല, വരണം എന്നാവശ്യപ്പെട്ടുള്ള ചാറ്റ് യുവതി പുറത്തുവിട്ടു. വീട്, ബ്യൂട്ടി പാർലർ എന്നീ വാഗ്ദാനങ്ങളും ഇൻസ്പെക്ടർ സുനിൽ യുവതിക്ക് മുന്നിൽ വച്ചു. പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. വിവാഹം ചെയ്യുമെന്നായിരുന്നു സുനിലിന്റെ വാഗ്ദാനമെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ ഐജിക്കും ഡിജിപിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. സംഭവത്തോട് ഇൻസ്പെക്ടർ സുനിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.