Fincat

‘അധിനിവേശ വെസ്റ്റ്ബാങ്ക് പിടിച്ചെടുത്താൽ ഇസ്രയേലിനെ പിന്തുണക്കുന്നത് അവസാനിപ്പിക്കും’;ട്രംപിൻ്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താല്‍ ഇസ്രയേലിനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കില്ലെന്നും താന്‍ അറബ് രാജ്യങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ടൈം മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

ഈ മാസം 15നാണ് ട്രംപുമായി ടൈംസ് മാഗസിന്‍ അഭിമുഖം നടത്തിയത്. എന്നാല്‍ ഈ അഭിമുഖം ഇന്നാണ് പ്രസിദ്ധീകരിച്ചത്. ‘അങ്ങനെ ഒന്ന് സംഭവിച്ചാല്‍ ഇസ്രയേലിന് അമേരിക്കയുമായുള്ള എല്ലാ പിന്തുണയും അവസാനിക്കും. ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കും’, അദ്ദേഹം പറഞ്ഞു.

ഇസ്രയേലിന്റെയും അറബ് രാജ്യങ്ങളുടെയും ബന്ധം സാധാരണ നിലയിലാക്കുന്ന അബ്രഹാം കരാറില്‍ ഈ വര്‍ഷാവസാനത്തോടെ സൗദി അറേബ്യ ചേരുമെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേലിന് ഗാസ പ്രശ്‌നവും ഇറാന്‍ പ്രശ്‌നവുമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ ആ രണ്ട് പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാന നീക്കങ്ങളുടെ ഭാഗമായി പലസ്തീന്‍ തടവുകാരന്‍ മര്‍വാന്‍ ബര്‍ഗ്ഹൂതിയുടെ മോചനം ഇസ്രയേല്‍ ആലോചിക്കുമെന്ന സൂചനയും ട്രംപ് നല്‍കി.

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തെ ഇസ്രയേല്‍ പാര്‍ലമെന്റ് പിന്തുണച്ചതിനെതിരെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ട്രംപിന്റെ അഭിമുഖം ടൈംസ് പുറത്ത് വിടുന്നത്. മണ്ടത്തരമായ രാഷ്ട്രീയ പോരാട്ടമാണിതെന്നും വ്യക്തിപരമായ അപമാനമായി തോന്നുന്നുവെന്നും ജെ ഡി വാന്‍സ് വിമര്‍ശിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ നയം വെസ്റ്റ് ബാങ്കിന്റെ അധിനിവേശത്തെ എതിര്‍ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും ഇസ്രയേലിനെ വിമര്‍ശിച്ച് രംഗത്തെത്തി.