കോട്ടക്കലില്‍ ഇടതുപാളയത്തില്‍ നിന്ന് വീണ്ടും രാജി; സ്വതന്ത്ര കൗണ്‍സിലര്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു

മലപ്പുറം: കോട്ടയ്ക്കല്‍ നഗരസഭയിലെ ഇടതുസ്വതന്ത്രനായ കൗണ്‍സിലര്‍ മുന്നണി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്നു. കാവതികളം വെസ്റ്റ് ഒന്‍പതാം വാര്‍ഡ് അംഗം നരിമടയ്ക്കല്‍ ഫഹദാണ് ലീഗില്‍ ചേര്‍ന്നത്. പാണക്കാടെത്തി പാര്‍ട്ട് അംഗത്വം സ്വീകരിക്കുകയായിരുന്നു ഫഹദ്. വെള്ളിയാഴ്ച നഗരസഭാംഗത്വം രാജിവെച്ച് കത്ത് നല്‍കും.
നേരത്തെ പണിക്കര്‍കുണ്ട് വാര്‍ഡംഗവും സിപി ഐഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം സി മുഹമ്മദ് ഹനീഫ ഈ മാസം ആദ്യം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നഗരസഭാംഗത്വവും രാജിവെച്ചിരുന്നു. 32 അംഗ ഭരണസമിതിയില്‍ ഒന്‍പത് അംഗങ്ങളായിരുന്നു എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. രണ്ട് രാജികളോടെ എല്‍ഡിഎഫിന് അംഗങ്ങളുടെ എണ്ണം ഏഴായി കുറയും.
