റഷ്യൻ എണ്ണ വാങ്ങുന്ന കാര്യത്തിൽ റിലയൻസ് അടക്കമുള്ള കമ്പനികൾ കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടി

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുതിയ സാഹചര്യത്തിൽ എങ്ങനെ വേണം എന്നതിൽ റിലയൻസ് അടക്കമുള്ള ഇന്ത്യൻ കമ്പനികൾ കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ തീരുമാനം എന്താണെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നാണ് എണ്ണ കമ്പനികളുടെ അഭ്യർത്ഥന. അമേരിക്ക റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് നീക്കം. റഷ്യൻ കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഇന്ത്യൻ കമ്പനികൾക്കും ആശങ്കയാകുകയാണ്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നാണ് ഇന്ത്യയുടെ നയം. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ റിലയൻസ് അടക്കം ഇന്ത്യൻ കമ്പനികൾക്കും അമേരിക്കൻ ഉപരോധം നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് സർക്കാരിൻറെ നിലപാട് ഇന്ത്യൻ കമ്പനികൾ തേടിയത്.
സാഹചര്യം വിലയിരുത്തി ഇന്ത്യ
അതേസമയം റഷ്യൻ എണ്ണ കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ നടപടി വിലയിരുത്തി ഇന്ത്യ. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ മുപ്പത്തഞ്ച് ശതമാനവും റഷ്യയിൽ നിന്നാണെന്നിരിക്കെ പകരം സംവിധാനം ഏർപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളാണ് ഇന്ത്യ വിലയിരുത്തിയത്. പകരം സംവിധാനം ഏർപ്പെടുത്തുക കേന്ദ്രത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. അടുത്ത മാസം 21 നകം റഷ്യൻ കമ്പനികളിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തണം എന്നാണ് അമേരിക്കൻ നിർദ്ദേശം. ഇക്കാര്യത്തിൽ റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി നരേന്ദ്ര മോദി സംസാരിച്ചേക്കും. അതിനിടെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം നൽകിയെന്ന് വൈറ്റ് ഹൗസ് അവർത്തിച്ചു. റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പു നല്കിയെന്ന് ഡോണൾഡ് ട്രംപ് ആദ്യം തന്നെ പറഞ്ഞിരുന്നു. വൈറ്റ് ഹൗസ് വക്താവ് കാരലൈൻ ലെവറ്റാണ് ഇപ്പോൾ ട്രംപിന്‍റെ അവകാശവാദം ആവർത്തിച്ചത്. ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങിനെ കാണുമ്പോൾ പ്രസിഡൻറ് ട്രംപ് എണ്ണ ഇറക്കുമതി നിറുത്തണമെന്ന് ആവശ്യപ്പെടുമെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. അമേരിക്കൻ ഉപരോധത്തോട് ഇന്ത്യ ഔദ്യോഗകിമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. നരേന്ദ്ര മോദി ട്രംപിനെ ഭയന്ന് ഉച്ചകോടികളിൽ നിന്ന് ഒളിച്ചോടുന്നു എന്നാണ് കോൺഗ്രസിന്‍റെ വിമർശനം.
തലകുനിക്കില്ലെന്ന് പുടിൻ
അതിനിടെ അമേരിക്കൻ ഉപരോധം ചെറുക്കുമെന്ന് റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ വ്യക്തമാക്കി. അമേരിക്കൻ ഉപരോധം റഷ്യയെ ബാധിക്കാൻ പോകുന്നില്ലെന്നാണ് പുടിൻ പ്രതികരിച്ചത്. റഷ്യ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും തല കുനിക്കില്ലെന്നും പുടിൻ വ്യക്തമാക്കി. ഒരു സമ്മർദത്തിനും റഷ്യ വഴങ്ങില്ലെന്നും പുടിൻ പ്രഖ്യാപിച്ചു. അമേരിക്കയുടേത് ശത്രുതാപരമായ സമീപനമാണെന്നും കനത്ത തിരിച്ചടി നൽകാൻ റഷ്യക്ക് അറിയാമെന്നും, അമേരിക്ക അത് നേരിടേണ്ടി വരുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഉപരോധം റഷ്യയെ ബാധിക്കില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു. പുടിനുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയതിന് പിന്നാലെയാണ് ട്രംപ് റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
