Fincat

കൊളംബിയന്‍ പ്രസിഡന്റ് പെട്രോയ്ക്ക്‌മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക്‌മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയാന്‍ പെട്രോ വിസമ്മതിച്ചുവെന്ന് ആരോപിച്ചാണ് നടപടി. കൊളംബിയയിലെ കൊക്കെയ്ന്‍ വ്യവസായത്തെയും ക്രിമിനല്‍ ഗ്രൂപ്പുകളെയും നിയന്ത്രിക്കുന്നതില്‍ പെട്രോ പരാജയമാണെന്നും യു എസ് ആരോപിച്ചു.

‘പെട്രോ അധികാരത്തിലെത്തിയ ശേഷം കൊളംബിയയിലെ കൊക്കെയ്ന്‍ ഉല്‍പ്പാദനം പതിറ്റാണ്ടുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചു. അത് അമേരിക്കയിലേക്ക് ഒഴുകുകയും അമേരിക്കക്കാരെ അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്തു’, ട്രഷ്‌റി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

കൊളംബിയന്‍ ചരിത്രത്തിലെ ആദ്യ ഇടതു പ്രസിഡന്റാണ് പെട്രോ. പെട്രോയുടെ വിസ റദ്ദാക്കുമെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ് വന്ന് ഒരു മാസത്തിനകമാണ് ഈ ഉപരോധം ഏര്‍പ്പെടുത്തൽ. എന്നാല്‍ പതിറ്റാണ്ടുകളായി ലഹരിക്കെതിരെ താന്‍ പോരാടുകയാണെന്നും ഉപരോധത്തിനെതിരെ യുഎസ് കോടതിയെ സമീപിക്കുമെന്നും പെട്രോ പറഞ്ഞു.

പലസ്തീന്‍ അനുകൂല പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിസ റദ്ദാക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചത്. സ്പാനിഷിനില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്റെ വീഡിയോ പെട്രോ കഴിഞ്ഞദിവസം തന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. അമേരിക്കന്‍ സൈന്യത്തേക്കള്‍ ശക്തമായ സൈനികരെ സംഭാവന ചെയ്യാന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രസംഗം. യുഎസ് സൈനികര്‍ തങ്ങളുടെ തോക്കുകള്‍ മനുഷ്യത്വത്തിന് നേരെ ചൂണ്ടരുതെന്നും പെട്രോ പറഞ്ഞിരുന്നു. ‘ട്രംപിന്റെ ഉത്തരവ് അനുസരിക്കരുത്, മറിച്ച് മനുഷ്യത്വത്തിന്റെ ഉത്തരവ് അനുസരിക്കൂ’ എന്നായിരുന്നു പെട്രോയുടെ വാക്കുകള്‍.