മൂന്നാം ഏകദിനത്തിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഓസ്ട്രേലിയ, ഇന്ത്യൻ ടീമില്‍ 2 മാറ്റം, കുല്‍ദീപ് പ്ലേയിംഗ് ഇലവനില്‍

സിഡ്നി: ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ 2-0ന് മുന്നിലാണ്. സമ്പൂര്‍ണ തോല്‍വി ഒഴിവാക്കി ആശ്വാസ ജയത്തിനായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്.
ആദ്യ രണ്ട് മത്സരങ്ങളും കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ പേസര്‍ സേവിയര്‍ ബാര്‍ട്‌ലെറ്റിന് പകരം ആദ്യ മത്സരത്തില്‍ കളിച്ച നഥാന്‍ എല്ലിസ് ടീമിലെത്തി. ഇന്ത്യൻ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം കുല്‍ദീപ് യാദവ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗിന് പകരം പ്രസിദ്ധ് കൃഷ്ണയും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. ആദ്യ രണ്ട് മത്സരങ്ങളിലും ഡക്കായ വിരാട് കോലിയും സ്ഥാനം നിലനിര്‍ത്തി. പേസര്‍മാരായ ഹര്‍ഷിത് റാണയും മുഹമ്മദ് സിറാജും സ്പിന്നര്‍മാരായ അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.
