Fincat

‘ചർച്ചയിലൂടെ പരിഹരിച്ചില്ലെങ്കിൽ തുറന്ന യുദ്ധം’; അഫ്ഗാനിസ്ഥാന് താക്കീതുമായി പാക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: ഇസ്താംബൂളിൽ നടക്കുന്ന ചർച്ചയിൽ സമയവായത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിന് സാധ്യതയെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. അതിർത്തിയിലെ ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടതോടെ ഇരുപക്ഷവും വെടിനിർത്തലിന് സമ്മതിച്ചിരുന്നു. ശനിയാഴ്ച തുർക്കിയിലെ ഇസ്താംബൂളിൽ രണ്ടാം ഘട്ട ചർച്ചകൾ ആരംഭിച്ചു.

“രണ്ട് മണിക്കൂർ മുമ്പ് ഞാൻ അഫ്ഗാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നാളെയോടെ ഫലം വ്യക്തമാകും. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, യുദ്ധം ഉണ്ടാകും. ഒരു കരാറും നടന്നില്ലെങ്കിൽ, അവരുമായി ഒരു തുറന്ന യുദ്ധമുണ്ടാകാം. പക്ഷേ അവർ സമാധാനം ആഗ്രഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു”- ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി.

രണ്ടാഴ്ച നീണ്ടുനിന്ന കനത്ത ഏറ്റുമുട്ടലുകൾക്ക് ശേഷം അതിർത്തിയിൽ ശാശ്വത സമാധാനം ലക്ഷ്യമിട്ടാണ് ഉഭയകക്ഷി ചർച്ചകൾ നടക്കുന്നത്. പാകിസ്ഥാനെ ആക്രമിക്കുന്ന താലിബാൻ തീവ്രവാദികളെ നിയന്ത്രിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ മാസം ആദ്യം സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പാക് സൈന്യത്തെ ലക്ഷ്യമിടുന്ന തീവ്രവാദികൾക്ക് അഫ്ഗാൻ അഭയം നൽകുന്നതായി ഇസ്ലാമാബാദ് ആരോപിച്ചു. അതേസമയം താലിബാൻ ആരോപണം നിരസിക്കുകയും പാകിസ്ഥാന്റെ സൈനിക നടപടികൾ അഫ്ഗാൻ പരമാധികാരത്തെ ലംഘിക്കുന്നുവെന്ന് തിരിച്ചടിക്കുകയും ചെയ്തു.

കാബൂളിലുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നാലെ ഏറ്റുമുട്ടൽ രൂക്ഷമായി. ആദ്യം ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചെങ്കിലും പാകിസ്ഥാനെ കുറ്റപ്പെടുത്തി അഫ്ഗാനിസ്ഥാൻ രംഗത്തെത്തിയതോടെ വീണ്ടും സംഘർഷമുണ്ടായി. ചർച്ചകൾക്കായി മന്ത്രി ഹാജി നജീബിന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ പ്രതിനിധി സംഘം വെള്ളിയാഴ്ച തുർക്കിയിൽ എത്തി. രണ്ടംഗ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘമാണ് പാകിസ്ഥാനെ പ്രതിനിധീകരിച്ച് എത്തിയത്.

സംഘർഷം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കി. അതിർത്തിയിലൂടെയുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും വരവിനെ ബാധിച്ചു. തക്കാളി, ഉള്ളി, മാതളനാരങ്ങ, മുന്തിരി, ആപ്പിൾ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും പാകിസ്ഥാനിലേക്ക് കാബൂളിൽ നിന്നാണ് വന്നത്. സംഘർഷം പാകിസ്ഥാനിൽ വിലക്കയറ്റത്തിന് കാരണമായപ്പോൾ, അഫ്ഗാൻ വ്യാപാരികളാകട്ടെ വിപണി കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. പുതിയ പഴങ്ങളും പച്ചക്കറികളും കേടാകുന്നതിന് മുമ്പ് കയറ്റുമതി ചെയ്യാൻ കഴിയാത്തതിനാൽ പലരും നഷ്ടം നേരിടുന്നു.