Fincat

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താമരശ്ശേരി കുടുക്കില്‍ ഉമ്മരം സ്വദേശി ഷബാദ് (30), കൂടത്തായി ഒറ്റപ്പിലാക്കില്‍ മുഹമ്മദ് ബഷീര്‍ (44), കരിമ്പാലന്‍കുന്ന് ജിതിന്‍ വിനോദ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ താമരശ്ശേരി സംഘര്‍ഷത്തില്‍ പിടിയിലായവരുടെ എണ്ണം പത്തായി. ഇതില്‍ മുഹമ്മദ് ബഷീര്‍, ഷബാദ് എന്നിവരെ നോട്ടീസ് നല്‍കി വിട്ടയച്ചു.

സംഭവത്തില്‍ 361 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.

സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്‌നര്‍ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതില്‍ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

തിരുവമ്പാടി സ്റ്റേഷനിലെ എഎസ്‌ഐയെ മര്‍ദിച്ചതില്‍ പത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മൊബൈലില്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച എഎസ്‌ഐയെ അക്രമിച്ചെന്നും 45,000 രൂപയുടെ മൊബൈല്‍ കവര്‍ച്ച ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് കട്ടിപ്പാറയിലെ ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നില്‍ സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പ്ലാന്റിന് മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര നേരത്തെ പ്രതികരിച്ചിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി. അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും ഇവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. രാവിലെ മുതല്‍ വൈകിട്ടുവരെ സമാധാനപരമായിരുന്നു കാര്യങ്ങള്‍. വൈകിട്ടാണ് ആസൂത്രിത ആക്രമണമുണ്ടായത്. ഫ്രഷ് കട്ടിലെ ജീവനക്കാര്‍ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാന്‍ പോയ ഫയര്‍ഫോഴ്‌സ് എന്‍ജിനുകള്‍പോലും തടഞ്ഞുവെച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ചിലരില്‍നിന്നുണ്ടായത്. റൂറല്‍ എസ് പി, താമരശേരി എസ് എച്ച് ഒ എന്നിവരുള്‍പ്പടെ 16ഓളം പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റുവെന്നും ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി പൊലീസ് സ്വീകരിക്കുമെന്നും ഡിഐജി നേരത്തെ പ്രതികരിച്ചിരുന്നു.