‘പരസ്യം വീണ്ടും പ്രദർശിപ്പിച്ചു’, കട്ടക്കലിപ്പിൽ ട്രംപ്, താരിഫ് 10 ശതമാനം കൂടി കൂട്ടി, കാനഡയ്ക്ക് തിരിച്ചടി

വാഷിങ്ടൺ : അന്തരിച്ച യു എസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഉൾപ്പെട്ട കാനഡയുടെ തീരുവാ വിരുദ്ധ പരസ്യത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ, കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 10 ശതമാനം കൂടി വർധിപ്പിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയുടെ വ്യാജ പരസ്യ ക്യാമ്പയിൻ കാരണം താൻ കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി ട്രംപ് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു. നിലപാട് കടുപ്പിച്ചതോടെ ട്രംപിന്റെ താരിഫ് നയത്തിനെതിരെ പ്രതിഷേധിക്കുന്ന പരസ്യം അടുത്ത ആഴ്ച സംപ്രേഷണം ചെയ്യില്ലെന്ന് ഒന്റാറിയോ പ്രവിശ്യയിലെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രാത്രി വേൾഡ് സീരീസിനിടെ പ്രദർശിപ്പിക്കാൻ അനുവദിച്ചു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ട്രംപ് ട്രൂത്തിൽ കുറിച്ചത്…
‘’പരസ്യം ഉടനടി നീക്കേണ്ടതായിരുന്നു. എന്നാൽ അത് ഒരു തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് കഴിഞ്ഞ രാത്രി വേൾഡ് സീരീസിനിടെ പ്രദർശിപ്പിക്കാൻ അനുവദിച്ചു. ഇത് ശത്രുതാപരമായ നടപടിയാണ്. ഇപ്പോൾ നൽകുന്നതിലും പുറമെ കാനഡയ്‌ക്കുള്ള തീരുവ 10% കൂടി വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയുടെ പരസ്യത്തിൽ, 1987- ൽ റീഗൻ വ്യാപാരത്തെക്കുറിച്ച് നടത്തിയ ഒരു റേഡിയോ പ്രസംഗത്തിൽ നിന്നുള്ള ഉദ്ധരണികൾ ഉപയോഗിച്ചിരുന്നു. ഇതിൽ ഉയർന്ന തീരുവകൾക്ക് വിദേശ ഇറക്കുമതിയിൽ യു എസ് സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഉയർന്ന തീരുവകൾ വിദേശ രാജ്യങ്ങളുടെ പ്രതികാരത്തിനും കടുത്ത വ്യാപാര യുദ്ധങ്ങൾക്കും തിരികൊളുത്തുന്നതിന് കാരണമാകുമെന്ന് റൊണാൾഡ് റീഗൻ പറയുന്നത് പരസ്യത്തിൽ ഉൾപ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
