ബ്രന്റ്ഫോര്‍ഡിനോടും തോറ്റു; പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തുടര്‍ച്ചയായ നാലാം പരാജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം പരാജയവുമായി ലിവര്‍പൂള്‍. ഇത്തവണ ബ്രന്റ്ഫോര്‍ഡിനോടാണ് ലിവര്‍പൂള്‍ പരാജയം ഏറ്റുവാങ്ങിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂളിനെ ബ്രന്റ്ഫോര്‍ഡ് മുട്ടുകുത്തിച്ചത്.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബ്രന്റ്ഫോര്‍ഡാണ് ആദ്യം ലീഡെടുത്തത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ഡാംഗോ ഔട്ടാരയിലൂടെ ആതിഥേയര്‍ മുന്നിലെത്തി. 45-ാം മിനിറ്റില്‍ കെവിന് ഷാഡിലൂടെ ബ്രന്റ്ഫോര്‍ഡ് ലീഡ് ഇരട്ടിയാക്കിയെങ്കിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ലിവര്‍പൂള്‍ തിരിച്ചടിച്ചു. മിലോസ് കെര്ക്കസാണ് ലിവര്‍പൂളിന്റെ ആദ്യഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ ബ്രന്റ്ഫോര്‍ഡ് ലീഡ് തിരിച്ചുപിടിച്ചു. 60-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇഗോര്‍ തിയാഗോയാണ് ലിവര്‍പൂളിന്റെ വല മൂന്നാമതും കുലുക്കിയത്. 89-ാം മിനിറ്റില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പൂള്‍ ഒരുഗോള്‍ തിരിച്ചടിച്ചെങ്കിലും വിജയത്തിലെത്താനായില്ല.
ഒന്‍പത് മത്സരങ്ങളില്‍ അഞ്ച് വിജയവും നാല് തോല്‍വിയുമായി 15 പോയിന്റുള്ള ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. നാല് വിജയവും ഒരു സമനിലയും നാല് പരാജയവുമുള്ള ബ്രന്റ്ഫോര്‍ഡ് പട്ടികയില്‍ പത്താമതാണ്.
