Fincat

രാത്രിയിലും പല്ല് തേക്കണം; ഇല്ലെങ്കില്‍ ഹൃദയം വരെ തകരാറിലായേക്കാം

ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുന്നവരാണോ നിങ്ങള്‍? ഇല്ലെങ്കില്‍ ഇനി മുതല്‍ രാത്രിയിലും പല്ല് തേച്ച് തുടങ്ങിക്കോളൂ. വായയുടെ ശുചിത്വത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ജനറല്‍ ഫിസിഷ്യനും ഡബിള്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് എംഡിയുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച പോസ്റ്റിലാണ് രാത്രിയില്‍ പല്ല് തേക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നത്.

വായയുടെ ശുചിത്വവും ഹൃദയാരോഗ്യവും

രാത്രിയില്‍ ബ്രഷ് ചെയ്യാതെ കിടന്നാല്‍ ഹൃദയസ്തംഭനത്തിന് വരെ അവ കാരണമായേക്കാമെന്ന് പഠനങ്ങള്‍ പറയുന്നുവെന്ന് ഡോ. കുനാല്‍ ചൂണ്ടിക്കാട്ടുന്നു. വായില്‍ നിന്നുള്ള ബാക്ടീരിയകള്‍ രക്തത്തിലേക്ക് പതിയെ പ്രവേശിക്കാനും ഇവ കാലക്രമേണ ഹൃദയത്തിന്റെ വീക്കത്തിന് കാരണമായേക്കാമെന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ തവണ പല്ല് തേക്കുന്നവരുടെ ഹൃദയങ്ങള്‍ ആരോഗ്യമുള്ളതായിരിക്കുമെന്നും ദിവസത്തില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും പല്ല് തേക്കുന്നത് ഹൃദ്രോഗ സാഹചര്യങ്ങള്‍ കുറയ്ക്കുമെന്നും ഡോക്ടര്‍ വീഡിയോയില്‍ പറയുന്നു.

അതിനാല്‍ മികച്ച ദന്തപരിപാലനത്തിനും ആരോഗ്യത്തിനുമായി ദിവസം രണ്ടുനേരം പല്ലു തേക്കണം. ഫ്ളോസിങ് കൃത്യമായി ചെയ്യുക കൃത്യമായി പല്ലുകളുടെ പരിശോധന നടത്തുന്നതും ഗുണകരമാണ്. ഇനി പല്ലുതേയ്ക്കുമ്പോള്‍ രക്തം കണ്ടാല്‍ നിങ്ങളുടെ ശരീരം ചിലത് ഓര്‍മിപ്പിക്കുകയാണ് എന്ന് വേണം മനസിലാക്കാന്‍. ഓര്‍ക്കുക മോണയിലെ രക്തസ്രാവം ദന്തങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമല്ല, അത് മുഴുവന്‍ ശരീരവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. വായയുടെയും പല്ലിന്റെയും സുരക്ഷയാണ് ഈ അവസ്ഥ ഒഴിവാക്കാനുള്ള പ്രധാന പരിഹാരം.