മലപ്പുറം ഇനി അതി ദാരിദ്ര്യ മുക്തം ; ജില്ലയിൽ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ 100 ശതമാനവും പൂർത്തിയായി

വികസന സൂചകങ്ങളിൽ പുതിയൊരു ചരിത്രം കൂടി രചിച്ച് രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമ്പോൾ മലപ്പുറം ജില്ലയ്ക്കും അഭിമാന നേട്ടം. ജില്ലയിലെ അതി ദാരിദ്ര നിർമാർജ്ജന പദ്ധതിയുടെ 100 ശതമാനവും പൂർത്തിയായി.
ജില്ലയിലെ 8553 കുടുംബങ്ങളിൽ നിന്നായി 18022 കുടുംബാംഗങ്ങളാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവര്‍ക്കായി മൈക്രോ പ്ലാനുകൾ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് ദാരിദ്ര നിർമാർജ്ജന പദ്ധതികൾ നടപ്പിലാക്കിയത്. 2021 ൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സർവ്വേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ പട്ടിക അതാത് ഭരണ സമിതികൾ അർഹത പരിശോധിച്ചു അന്തിമ തീർപ്പാക്കിയ ഗുണഭോക്താക്കളെയാണ് അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുത്തിയത്.
അതിദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയവർക്ക് ആവശ്യകത അനുസരിച്ചു ഭക്ഷണ, ആരോഗ്യ സേവനങ്ങൾ (മരുന്ന്, ചികിത്സ), വരുമാനം, സുരക്ഷിതമായ വാസസ്ഥലം ( വീട് മാത്രം, വീടും ഭൂമിയും, വീട് പുനരുദ്ധാരണം, കുടിവെള്ളം, ടോയ്ലറ്റ് വൈദ്യുതീകരണം, മാലിന്യ സംസ്കരണ ഉപാധികൾ ) ,എന്നീ സേവനങ്ങൾ നൽകുന്നതിനായി തദ്ദേശസ്ഥാപനങ്ങളിൽ ഗുണഭോക്തൃതല മൈക്രോ പ്ലാനുകൾ നടപ്പിലാക്കുന്നുണ്ട്. ഈ നാല് ഘടകങ്ങളിലായി 7699 മൈക്രോ പ്ലാനുകളാണ് ജില്ലയിൽ തയ്യാറാക്കിയത്. അവശ്യ സേവനങ്ങള്‍ നല്‍കി 8148 കുടുംബങ്ങളെ അതിദരിദ്രത്തില്‍ നിന്നും കരകയറ്റാനായിട്ടുണ്ട്.
ജില്ലയിൽ ഭക്ഷണം ആവശ്യമുള്ള 3479 ആളുകളിൽ മുഴുവൻ പേർക്കും ഭക്ഷണം എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഇവരിൽ പാചകം ചെയ്ത ഭക്ഷണം 353 പേർക്കും കിറ്റ് ആവശ്യമുള്ളത് 3126 പേർക്കുമായിരുന്നു. വിവിധ ആരോഗ്യസേവനങ്ങൾ ആവശ്യമുള്ള 4540 പേർക്കും സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു. വരുമാനം ആവശ്യമുള്ള 877 പേരിൽ മുഴുവൻ പേർക്കും കുടുംബശ്രീ വഴിയും വിവിധ പദ്ധതികളിലൂടെയും തൊഴിൽ ലഭ്യമാക്കി വരുമാനം ഉറപ്പാക്കി.
ജില്ലയിൽ ഭൂരഹിതരായ 53 കുടുംബങ്ങൾക്ക് റവന്യു ഭൂമി നൽകാനായി എന്നതും നേട്ടമാണ്. ഏറനാട് താലൂക്കിലെ പുല്പ്പറ്റ പഞ്ചായത്തിൽ 36 കുടുംബങ്ങൾക്കും തിരൂരങ്ങാടി താലൂക്കിലെ നെടുവ , പെരുവള്ളൂർ വില്ലേജുകളിലായി എട്ട് കുടുംബങ്ങൾക്കും പൊന്നാനി താലൂക്കിലെ ഏഴുവൻതുരുത്തി വില്ലേജിൽ ഒൻപത് കുടുംബങ്ങൾക്കുമാണ് റവന്യു ഭൂമി പതിച്ചു നൽകിയത് .
ജില്ലയിൽ സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി 722 വീട് മാത്രം വേണ്ടവരില്‍ 579എണ്ണം പൂര്‍ത്തീകരിക്കുകയും ബാക്കിയുള്ളവയുടെ നിര്‍മ്മാണം പുരോഗതിയിലുമാണ് . 354 വീടും സ്ഥലവും ആവശ്യമുള്ളവരില്‍ 189 പൂര്‍ത്തീകരിക്കുകയും,165 എണ്ണം നിര്‍മ്മാണം പുരോഗതിയിലുമാണ് 935 ഭവന പുനരുദ്ധാരണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതിദാരിദ്ര്യം പൂർണമായും ഇല്ലായ്മ ചെയ്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന നേട്ടം കൈവരിക്കുന്ന കേരളം അതിദരിദ്ര്യ മുക്തമായി നവംബർ ഒന്നിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.
നീതി ആയോഗിന്റെ കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യ സംസ്ഥാനമാണ് കേരളം .2021 സെൻസസ് പ്രകാരം 0.7% മാത്രമായിരുന്നു അതിദരിദ്രരുടെ കണക്ക് . ഇവരെ സർവ്വേ നടത്തി കണ്ടെത്തി ഭക്ഷണം, ആരോഗ്യം, ഉപജീവനമാർഗം, സുരക്ഷിതമായ വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത് .
വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും പൊതുജന പങ്കാളിത്വത്തോടികൂടി അവശ്യ സേവനങ്ങൾ നൽകിയാണ് ഈ ലക്ഷ്യം കൈവരിക്കാനായത്.
പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങും ത്രിതല തദ്ദേശ സ്ഥാപന -ജില്ലാ – സംസ്ഥാന തല സൂപ്പർ ചെക്കിങ്ങും നടത്തി എല്ലാ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയാണ് പദ്ധതി പൂർത്തീകരണ പ്രഖ്യാപനം.
