പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയും ഈന്തപ്പഴവും കഴിക്കുന്നത് ആരോഗ്യകരമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

പഞ്ചസാരയുടെ അമിത ഉപയോഗം മൂലം പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ പഞ്ചസാരയെ പലപ്പോഴും നിശബ്ദ കൊലയാളി എന്നാണ് വിളിക്കാറ്. പഞ്ചസാരയെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് പലപ്പോഴും ആളുകള്‍ പകരമായി ശര്‍ക്കര, തേന്‍, ഈത്തപ്പഴം തുടങ്ങിയവ കഴിക്കാറുണ്ട്. എന്നാല്‍ ഇവ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പറയുകയാണ് ഓക്‌സ്‌ഫര്‍ഡ് സര്‍ട്ടിഫൈഡ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റും ഫിറ്റ്‌നസ് വിദഗ്ദ്ധയുമായ സുമന്‍ അഗര്‍വാള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പഞ്ചസാരയാണോ അതിന്റെ ബദല്‍ മാര്‍ഗങ്ങളാണോ നല്ലതെന്ന് പറയുകയാണ് അദ്ദേഹം.
പഞ്ചസാര
മധുരത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് പഞ്ചസാര. പഞ്ചസാരയില്‍ 65 മുതല്‍ 75 വരെ ഗ്ലൈസീമിക് സൂചിക (GI) ഉണ്ട്. കൂടാതെ 100 ഗ്രാം പഞ്ചസാരയില്‍ കുറഞ്ഞത് 390 ഗ്രാമിന് അടുത്ത് കാലറിയുണ്ട്. മാത്രമല്ല യാതൊരു രീതിയിലുമുള്ള പോഷകവും പഞ്ചസാരയില്‍ നിന്ന് ലഭിക്കുന്നില്ല. കൂടാതെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിനും ഇത് കാരണമാകുന്നു.
ശര്‍ക്കര
ശര്‍ക്കര ആരോഗ്യകരമായ ഒന്നായിട്ടാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. ഇതില്‍ ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. പക്ഷെ ശര്‍ക്കരയുടെ ഗ്ലൈസീമിക് സൂചിക 60 മുതല്‍ 84 വരെയാണ്. ഇത് പഞ്ചസാരയേക്കാള്‍ കൂടുതലാണ്. 100 ഗ്രാം ശര്‍ക്കരയില്‍ 380 കലോറി അടങ്ങിയിട്ടുണ്ട്.
തേന്‍
തേനില്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലാണ്. കൂടാതെ കുടലിനും തേന്‍ വളരെ നല്ലതാണ്. ഇതിന്റെ ഗ്ലൈസീമിക് സൂചിക 45 മുതല്‍ 69 വരെയാണ്. 100 ഗ്രാം തേനില്‍ 240 മുതല്‍ 330 വരെ കലോറി അടങ്ങിയിട്ടുണ്ട്.
ഈന്തപ്പഴം
ഇരുമ്പ് നാരുകള്‍ ധാരാളം അടങ്ങിയ ഒരു സമ്പൂര്‍ണ്ണ ഭക്ഷണമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ ഗ്ലൈസീമിക് സൂചിക 40 മുതല്‍ 55 വരെയാണ്. കൂടാതെ 100 ഗ്രാം ഈന്തപ്പഴത്തില്‍ 314 കലോറി അടങ്ങിയിട്ടുണ്ടെന്നാണ് പോഷകാഹാര വിദഗ്ദ്ധന്‍ പറയുന്നത്.
ഈ നാല് ഭക്ഷണങ്ങളുടെയും ഗ്ലൈസെമിക് സൂചിക താരതമ്യം ചെയ്യുമ്പോള്‍ പഞ്ചസാര ഒഴിവാക്കി ഇവ കഴിക്കുന്നത് പരിഹാരമല്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് സുമന്‍ അഗര്‍വാള്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
