Fincat

14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പുത്തനത്താണിയില്‍ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പൂക്കിപ്പറമ്പ് സ്വദേശി ജുനൈസ്, കുണ്ടൂർ സ്വദേശി ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്. ബലപ്രയോഗത്തിലൂടെയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. യുവാക്കളെ കീഴടക്കുന്നതിനിടെ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. മറ്റൊരു കേസിലെ പ്രതികളെ തേടി എത്തിയതായിരുന്നു കൽപകഞ്ചേരി പൊലീസ്. സംശയം തോന്നി പരിശോധിക്കുമ്പോഴാണ് പ്രതികളില്‍ നിന്ന് ലഹരി കണ്ടെത്തിയത്. ഇരുവരില്‍ നിന്നുമായി 14 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

മഫ്തിയിലായിരുന്നു മറ്റൊരു കേസിലെ പ്രതിയെ തിരഞ്ഞ് പൊലീസ് എത്തിയത്. ഇതിനിടയില്‍ പ്രതികളെ കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. ചില്ലറ വില്‍പനയ്ക്കായി മൂന്ന് പൊതികളിലാക്കിയാണ് എംഡിഎംഎ എത്തിച്ചത്. മയക്കുമരുന്ന് കണ്ടെത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെ രണ്ട് പൊലീസുകാര്‍ക്ക് കയ്യിന് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു