Fincat

ഈ വിസയിലാണോ നിങ്ങൾ യുഎഇയിൽ ജോലി ചെയ്യുന്നത്?; നിയമ ലംഘനമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ജോലിചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് ജോലി ചെയ്യുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ആരെങ്കിലും തൊഴില്‍ വാഗ്ദാനം നല്‍കിയാല്‍, മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഓഫര്‍ ലെറ്റര്‍ ലഭിക്കാതെ ജോലി ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ട്.

ഓഫര്‍ലെറ്റര്‍ ഇല്ലാതെ ജോലി ചെയ്യ്താല്‍ പിഴ ശിക്ഷയ്ക്കു പുറമെ മറ്റു നിയമ നടപടികളും നേരിടേണ്ടി വരും. കമ്പനികള്‍ ജോലിക്കായി ആളുകളെ കൊണ്ടുവരേണ്ടത് സന്ദര്‍ശക വിസയില്‍ അല്ലെന്നും എന്‍ട്രി പെര്‍മിറ്റിലായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാല്‍, റസിഡന്‍സി വിസയുടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുകയും തൊഴില്‍ കരാര്‍ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്‌മെന്റുകളും അനധികൃതമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.