Fincat

യാത്രക്കാർക്ക് ‘ശങ്ക’ മാറ്റാൻ ക്ലൂ ആപ്പ് വരുന്നു; പ്രഖ്യാപനവുമായി തദ്ദേശ മന്ത്രി എം.ബി രാജേഷ്

യാത്രക്കാർക്ക് ‘ശങ്ക’ മാറ്റാൻ
ക്ലൂ ആപ്പ് വരുന്നു; പ്രഖ്യാപനവുമായി തദ്ദേശ മന്ത്രി എം.ബി രാജേഷ്

യാത്രക്കാർക്കും പൊതുജനങ്ങൾക്കും വൃത്തിയുള്ള ശുചിമുറി കണ്ടെത്തി ഉപയോഗിക്കാൻ പുതിയ ആപ്ലിക്കേഷനുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ‘ക്ലൂ’ എന്ന പേരിലുള്ള ആപ്പ് കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനൊപ്പം ചേർന്ന് ശുചിത്വമിഷനാണ് ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം നടത്തിക്കൊണ്ട് വകുപ്പ് മന്ത്രിയാണ് വിവരം ഫേസ് ബുക്കിൽ കുറിച്ചത്.

പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം:

യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായമാവുന്ന ഒരു വാർത്ത അറിയിക്കട്ടെ. നിങ്ങൾക്ക് ആശ്വാസമേകാൻ ക്ലൂ വരുന്നു.

ഒന്ന് മൂത്രമൊഴിക്കാൻ മുട്ടിയാൽ വൃത്തിയുള്ള ഒരിടം കണ്ടെത്താൻ ഇനി ബുദ്ധിമുട്ടേണ്ട.യാത്രക്കാർക്കും പൊതുജനങ്ങൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ഒരു മാർഗം വരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും മാത്രം ഈ ആവശ്യത്തിന് പര്യാപ്തമാകില്ല. അതിനാൽ സ്വകാര്യമേഖലയിൽ ഉൾപ്പെടെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെയെല്ലാം ബന്ധിപ്പിച്ച്, ഏതൊൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി കണ്ടെത്താൻ വേണ്ടിയാണ് ക്ലൂ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരള ലൂ ( Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നത്. റിയൽ ടൈം അപ്ഡേറ്റുകൾ, മാപ്പിൽ ലഭ്യമാക്കുന്ന കൃത്യതയാർന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് ഉപയോക്താക്കൾക്ക് രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനൊപ്പം ചേർന്ന് ശുചിത്വമിഷനാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പദ്ധതിയുടെ ഭാഗമാവുന്ന സ്വകാര്യസ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിഗ്നേച്ചർ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങൾ, സൌകര്യങ്ങൾ എന്നിവയും ആപ്പിൽ നൽകും. ഇത് അതാത് സ്ഥാപനത്തിനും സഹായകരമാവും. ഫ്രൂഗൽ സൈന്റിഫിക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വൈകാതെ ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാവും. ആപ്പിലേക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ശുചിമുറികൾ ലഭ്യമായ മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ ഈ മാസം നാളെ മുതൽ ആരംഭിക്കും.