യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫെഡറൽ ബജറ്റ്; അംഗീകാരം നൽകി മന്ത്രിസഭ

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിൽ ഖസർ അൽ വതനിൽ നടന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. 2026-ലെ വാർഷിക ബജറ്റ് പ്രകാരം 92.4 ബില്യൻ ദിർഹം വരുമാനവും അതിന് തുല്യമായ ചെലവും രാജ്യത്ത് പ്രതീക്ഷിക്കുന്നു.
യുഎഇ സ്ഥാപിതമായതിനുശേഷമുള്ള ഏറ്റവും വലിയ ഫെഡറൽ ബജറ്റാണിത്. ഫെഡറൽ സംവിധാനം ശക്തമാക്കാനും സുസ്ഥിരമായ വികസനത്തോടുള്ള യുഎഇയുടെ പ്രതിബദ്ധത ഉറപ്പിക്കാനും ഈ ബജറ്റ് സഹായിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പ്രതികരിച്ചു. സാമൂഹിക വികസനത്തിനാണ് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്. ഇതിനായി ബജറ്റിൽ ഏറ്റവും കൂടുതൽ തുക നീക്കിവച്ചിരിക്കുന്നു. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹിക കാര്യങ്ങൾ, പെൻഷൻ എന്നിവയ്ക്കായും വലിയ തുക വകയിരുത്തിയിട്ടുണ്ട്.
2024-ൽ യുഎഇയുടെ വിദേശ നിക്ഷേപം 1.05 ദിർഹമിലെത്തിയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം വളർച്ചയാണ് വിദേശ നിക്ഷേപത്തിൽ യുഎഇ നേടിയത്. 2019 മുതൽ 2024 വരെയുള്ള അഞ്ച് വർഷത്തിനിടയിൽ, യുഎഇ കയറ്റുമതി വികസന നയം നടപ്പാക്കിയതാണ് വിദേശ നിക്ഷേപം ഉയരാൻ കാരണമായത്.
