Fincat

മുനവ്വറലി തങ്ങളുടെ ഇടപെടല്‍ ഫലം കണ്ടു; സൗദിയില്‍ നിയമക്കുരുക്കില്‍ അകപ്പെട്ട പുരുഷോത്തമന്‍ നാട്ടിലെത്തി; മധുരവുമായി കുടുംബം പാണക്കാട്ട്

മലപ്പുറം: സൗദി അറേബ്യയിലെ റിയാദില്‍ നിയമക്കുരുക്കില്‍ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന പുരുഷോത്തമന് രക്ഷകനായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം വാറങ്കോട് സ്വദേശി പുരുഷോത്തമന്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി റിയാദ് ജയിലില്‍ നാട്ടിലേക്ക് മടങ്ങാനാവാതെ കഴിയുകയായിരുന്നു. നാട്ടിലുള്ള ഭാര്യയും മകളും അടങ്ങുന്ന കുടുംബം പാണക്കാട്ടെത്തി മുനവ്വറലി തങ്ങളെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് സൗദി കെഎംസിസി മുഖേന മുനവ്വറലി തങ്ങള്‍ നിരന്തരമായ ഇടപെടല്‍ നടത്തി. ഒടുവില്‍ ഫലം കണ്ടിരിക്കുന്നു. പുരുഷോത്തമന്‍ നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. സന്തോഷം പങ്കിടാനായി മധുരവുമായി കുടുംബം കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി മുനവ്വറലി തങ്ങളെ കണ്ടു. ഒരു വയസുണ്ടായിരുന്ന പുരുഷോത്തമന്റെ മകള്‍ക്ക് ഇപ്പോള്‍ നാല് വയസായിരിക്കുന്നു. മകളോടൊപ്പമാണ് പുരുഷോത്തമനും ഭാര്യ രജിതയും തങ്ങളെ കാണാനെത്തിയത്. പ്രിയപ്പെട്ടവരുടെ ബുദ്ധിമുട്ടിന് ആശ്വാസമാകാന്‍ നിമിത്തമാകുമ്പോള്‍ വ്യക്തിപരമായി അതില്‍പരം സന്തോഷമില്ലെന്ന് തങ്ങള്‍ കുറിച്ചു.

മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

പാണക്കാട്ടെ ചൊവ്വാഴ്ചകളിലെ സന്തോഷ നിമിഷങ്ങള്‍.

മലപ്പുറം മുനിസിപ്പാലിറ്റിയിലെ വാറങ്കോട് സ്വദേശിനി രജിത കഴിഞ്ഞ ഒരു വര്‍ഷത്തോളമായി, മിക്കവാറും ഓരോ ചൊവ്വാഴ്ചകളിലും പാണക്കാട് വരാറുണ്ട്.സഊദി അറേബ്യയിലെ റിയാദില്‍ നിയമകുരുക്കില്‍ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിലായ ഭര്‍ത്താവിനെ കുറിച്ചുള്ള വേദനയായിരുന്നു അവര്‍ക്ക് പങ്ക് വെക്കാനുണ്ടായിരുന്നത്.

ചെറിയ കുഞ്ഞിനെയും കൂടെ കൂട്ടി അവര്‍ എത്തുമ്പോഴൊക്കെയും, റിയാദ് കെ.എം.സി.സി പ്രസിഡന്റ് സിപി മുസ്തഫയെയും മലപ്പുറം മണ്ഡലം പ്രസിഡന്റ് സി.കെ. അബ്ദുറഹ്‌മാന്‍ കോണോംപാറയെയും വിളിച്ച് അവരുടെ ഭര്‍ത്താവ് പുരുഷോത്തമന്റെ മോചനത്തിനായി ഇടപെടലുകള്‍ നടത്താന്‍ ആവശ്യപ്പെടുമായിരുന്നു.ഈ പരിശ്രമങ്ങളത്രയും ഒടുവില്‍ ഫലം കണ്ടിരിക്കുന്നു.

ഏകദേശം ഒരു വര്‍ഷത്തിനു ശേഷം രജിതയെ തേടിയെത്തിയ സന്തോഷ വാര്‍ത്ത
ഭര്‍ത്താവ് പുരുഷോത്തമന് നാട്ടിലേക്കുള്ള യാത്രാ വിലക്ക് നീങ്ങിയിരിക്കുന്നു എന്നാണ്.

ഈ ചൊവ്വാഴ്ചയിലെ അവരുടെ വരവ് വ്യത്യസ്തമായിരുന്നു. നാട്ടിലെത്തിയ ഭര്‍ത്താവിനൊപ്പം മധുരവും കയ്യില്‍ കരുതി സന്തോഷം പങ്കിടാനായിരുന്നു അവര്‍ വന്നത്.
ഭര്‍ത്താവ് നിയമകുരുക്കില്‍ അകപ്പെട്ടപ്പോള്‍ ഒരു വയസ്സ് മാത്രം പ്രായമായിരുന്ന മകള്‍ക്ക്, ഇന്ന് നാല് വയസ്സായിരിക്കുന്നു.

ഓരോ ചൊവ്വാഴ്ചകളിലും കാണുന്ന പല മനുഷ്യാനുഭവങ്ങളില്‍ ഒന്നാണിത്.
ഭര്‍ത്താവിന്റെ പ്രതിസന്ധി സൃഷ്ടിച്ച വേദനയും അനിശ്ചിതത്വവും,പ്രാര്‍ത്ഥനകളുടെ പ്രതീക്ഷയും,വര്‍ഷങ്ങള്‍ക്കു ശേഷം പുനര്‍ സമാഗമവും.!

പ്രിയപ്പെട്ടവരുടെ ബുദ്ധിമുട്ട് തളര്‍ത്തിയവര്‍ക്ക് ആശ്വാസമാകാന്‍ നാം നിമിത്തമാകുമ്പോള്‍, വ്യക്തിപരമായി അതിനപ്പുറം സന്തോഷം നല്‍കുന്ന മറ്റെന്ത് കാര്യമാണുള്ളത്!
അള്ളാഹുവിന്റെ അനന്തമായ കൃപയ്ക്ക് നന്ദി.