കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം തര്‍ക്കരഹിതമാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍; സ്ഥാനാര്‍ത്ഥി സാക്ഷ്യ പത്രം ഒപ്പിടണം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ കോണ്‍ഗ്രസിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍. തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം സുതാര്യവും തര്‍ക്കരഹിതവുമാക്കുന്നതിനാണ് കെപിസിസി മാര്‍ഗ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുള്ളത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ യുഡിഎഫ് കമ്മിറ്റികളുമായി പാര്‍ട്ടി ജില്ലാ നേതൃത്വം കൂടിയാലോചന നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍ദേശിച്ചു. മിഷന്‍ 2025 പ്രകാരം രൂപീകരിച്ച കോര്‍ കമ്മിറ്റികള്‍ക്കായിരിക്കും തെരഞ്ഞെടുപ്പ് ചുമതല. ജയ സാധ്യതയും പൊതു സ്വീകാര്യതയുമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ മുഖ്യ മാനദണ്ഡം.
പാര്‍ട്ടിയോടുള്ള കൂറിനും സ്വഭാവ ശുദ്ധിക്കും പ്രാധാന്യം നല്‍കണം. വനിതാ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു മുന്‍ഗണന നല്‍കണം. പാര്‍ട്ടിക്കു പൂര്‍ണമായി വിധേയരായിരിക്കുമെന്നും പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി നിശ്ചയിക്കുന്ന ലെവി കൃത്യമായി നല്‍കുമെന്നുള്ള സാക്ഷ്യപത്രം സ്ഥാനാര്‍ത്ഥി ഒപ്പിട്ടു നല്‍കണം.

ഘടകകക്ഷികളുമായുള്ള തര്‍ക്കങ്ങള്‍ മേല്‍ഘടകങ്ങല്‍ ഇടപെട്ട് പരിഹരിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥികളെ അതത് വാര്‍ഡ് കമ്മിറ്റികള്‍ നിശ്ചയിക്കും. ഇതിനായി പ്രധാന നേതാക്കളും സജീവ പ്രവര്‍ത്തകരും അടങ്ങുന്ന വാര്‍ഡ് യോഗം വിളിക്കണം. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ യോഗത്തില്‍ വോട്ടെടുപ്പ് നടത്തരുത്. തീരുമാനങ്ങള്‍ ഡിസിസിക്കു വിടുന്നത് കഴിയുന്നത്രയും ഒഴിവാക്കണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ നിയോജക മണ്ഡലം കോര്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാ കോര്‍ കമ്മിറ്റി നിശ്ചയിക്കും. പ്രദേശത്തെ എംഎല്‍എ, എംപി എന്നിവരുടെ അഭിപ്രായങ്ങളും തേടണം.
കെപിസിസ പ്രസിഡന്റ് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതിനോടകം ഡിസിസികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായ വാര്‍ഡുകളുണ്ടെങ്കിലും തീരുമാനമാകാതെ അനിശ്ചിതത്വത്തിലാണ് പല സ്ഥലങ്ങളിലും.
