Fincat

മലപ്പുറം നഗരസഭയുടെ അഭയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഭരണസംവിധാനങ്ങൾ ആർദ്രതയോടെ ദൗത്യനിർവഹണം നടത്തുമ്പോൾ അത് സാധാരണക്കാരുടെ ജീവിതത്തിൽ പ്രഭ പരത്തുമെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭ നിർമ്മിച്ച അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. വയോജന ക്ഷേമ രംഗത്ത് മലപ്പുറം നഗരസഭ നടപ്പിലാക്കിയ പദ്ധതികൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കാലാനുസൃതമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും നഗരസഭ സൃഷ്ടിച്ച മാതൃക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ഇടം നേടി.
മുതിർന്ന പൗരന്മാരോട് കാണിക്കുന്ന സവിശേഷമായ ശ്രദ്ധ ഒരു ജനതയുടെ സംസ്കാരത്തിന്റെ സൂചികയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ മുഖ്യാതിഥിയായി. പശ്ചിമബംഗാൾ പബ്ലിക് സർവീസ് കമ്മീഷൻ അംഗം സാബിർ എസ്. ഗഫാർ വിശിഷ്ടാതിഥിയായിരുന്നു.
മൂന്നു കോടി 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ രണ്ടു കോടി 51 ലക്ഷം രൂപ കേന്ദ്ര ഫണ്ടും ബാക്കി നഗരസഭയുടെ തനത് ഫണ്ടും ഉപയോഗിച്ചാണ് അഭയ കേന്ദ്രം നിർമ്മാണം പൂർത്തിയാക്കിയത്. അത്യാധുനിക സംവിധാനങ്ങളോടുകൂടി നിർമ്മാണം പൂർത്തീകരിച്ച അഭയ കേന്ദ്രത്തിൽ താമസക്കാർക്കുള്ള മുറികൾ, ലൈബ്രറി, മെഡിക്കൽ കൺസൾട്ടിംഗ് റൂം, ഹോം തിയറ്റർ, റിക്രിയേഷൻ ഹാൾ, ഡൈനിങ് ഹാൾ എന്നിവ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തനിച്ച് താമസിക്കുന്നവർക്കും സംരക്ഷിക്കാൻ ആളുകളില്ലാത്തവർക്കും വേണ്ടിയാണ് നഗരസഭ അഭയകേന്ദ്രം നിർമ്മിച്ചിട്ടുള്ളത്.
ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, പരി അബ്ദുൽ ഹമീദ്, മറിയുമ്മ ഷെരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, വാർഡ് കൗൺസിലർ ജയശ്രീ രാജീവ്, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, നഗരസഭാ സെക്രട്ടറി കെ. സുധീർ, മുൻസിപ്പൽ എൻജിനീയർ പി.ടി. ബാബു, എൻ.യു.എൽ. എം കോഡിനേറ്റർ സുനിൽ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി. അഷ്റഫലി എന്നിവർ പ്രസംഗിച്ചു.