നെതന്യാഹുവിന്‍റെ നിർദേശത്തിന് പിന്നാലെ ഗാസയിൽ ആക്രമണം; 32 പേർ കൊല്ലപ്പെട്ടു, ഇസ്രയേൽ നീക്കം അമേരിക്കയെ അറിയിച്ച ശേഷം

ഗാസ: ഹമാസ് സമാധാനക്കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം. ഗാസയിൽ കനത്ത തിരിച്ചടി നൽകാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നിർദേശത്തിന് തൊട്ടുപിന്നാലെ സൈന്യം ആക്രമണം ആരംഭിക്കുകയായിരുന്നു. രാത്രിയിൽ നടന്ന ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണം തുടങ്ങിയതെന്ന് അമേരിക്കൻ സൈനിക വക്താവ് അറിയിച്ചു. ഹമാസ് ഇസ്രയേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിക്ക് പ്രധാനമന്ത്രി നെതന്യാഹു നിർദേശം നൽകിയത്. ഇസ്രയേൽ ആക്രമണം തുടങ്ങിയതോടെ ഇന്ന് കൈമാറാനിരുന്ന ബന്ദിയുടെ മൃതദേഹം വിട്ടുനൽകുന്നത് ഹമാസ് നീട്ടിവച്ചു.

ഇസ്രയേൽ സേന സ്കൂളുകളും വീടുകളും ആക്രമിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്‍റെ സൈനികർക്ക് നേരെ വെടിയുതിർത്തെന്ന ആരോപണം ഹമാസ് നിഷേധിച്ചു. വെടിനിർത്തലിൽ ഹമാസ് ഉറച്ചുനിൽക്കുന്നുവെന്നും പ്രതികരിച്ചു. വെടിനിർത്തൽ നിലവിൽ വന്ന് 20 ദിവസത്തിന് ശേഷം ഗാസയിലെയും പശ്ചിമേഷ്യയിലെയും സമാധാനാന്തരീക്ഷം വീണ്ടും തകരുകയാണ്. എന്നാൽ വെടിനിർത്തലിന് നിലവിലെ സംഭവങ്ങൾ ഭീഷണിയല്ലെന്നും തങ്ങളുടെ സൈനികരെ ലക്ഷ്യം വച്ചാൽ ഇസ്രയേൽ തിരിച്ചടിക്കണമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
തുടർച്ചയായ ബോംബാക്രമണവും അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് ഗാസയിലെ സിവിൽ പ്രതിരോധ ഏജൻസി വക്താവ് പറഞ്ഞു. കാണാതായവരിൽ ചിലർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ ഉണ്ട്, മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ടെന്നും വക്താവ് പറഞ്ഞു. സൈനികരെ ആക്രമിച്ചതിന് ഹമാസ് വലിയ വില നൽകേണ്ടി വരും എന്നാണ് ഇസ്രയേൽ സേനയുടെ പ്രതികരണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ബന്ദികളുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസും ഇസ്രയേലും തമ്മിൽ തുടക്കം മുതൽ തർക്കമുണ്ട്. ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയത് 2 വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രയേൽ ആരോപിച്ചു. 28 ബന്ദികളുടെ മൃതദേഹങ്ങളിൽ പതിനാറാമത്തെ മൃതദേഹം എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം കൈമാറിയത്. കസ്റ്റഡിയിൽ ഉള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇസ്രയേൽ വാദം. മൃതദേഹങ്ങൾ എവിടെയെന്ന് അറിയില്ലെന്നും കുഴിച്ചെടുക്കാൻ സമയം വേണമെന്നും കാണിക്കാനാണ് ഇതെന്നാണ് ഇസ്രയേലിന്‍റെ ആരോപണം.
