രജനികാന്ത് അഭിനയജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; ഇനി 4 ചിത്രങ്ങള്‍ കൂടി മാത്രം?

ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ രജനികാന്ത് അഭിനയ ജീവിതത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ വാര്‍ത്തകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയിലും ഇത് വലിയ ചര്‍ച്ചയാണ്. എന്നാല്‍ രജനികാന്തിന്‍റെയോ അദ്ദേഹത്തിന്‍റെ ടീമിന്‍റെയോ പ്രതികരണങ്ങളൊന്നും ഇക്കാര്യത്തില്‍ ഇനിയും വന്നിട്ടില്ല.

നിലവില്‍ 74 വയസാണ് രജനികാന്തിന്. അദ്ദേഹത്തിന്‍റെ രീതികളിലുള്ള മാസ് ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളിലും അഭിനയിക്കേണ്ടിവരുന്നുണ്ട്. പ്രായത്തിന്‍റേതായി പ്രശ്നങ്ങള്‍ ഇത്തരം രംഗങ്ങളുടെ പൂര്‍ത്തീകരണത്തില്‍ പ്രായോഗിക തടസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രജനികാന്ത് ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഡ്യൂപ്പുകളെ കൂടുതല്‍ ഉപയോഗിക്കുന്നതായി അടുത്ത കാലത്ത് വിമര്‍ശനമായി ഉയര്‍ന്നിരുന്നു. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒടുവിലെത്തിയ കൂലിയുടെ ചിത്രീകരണത്തിനിടെ രജനികാന്തിന് പരിക്കേറ്റതായും വാര്‍ത്തകള്‍ വന്നിരുന്നു. കുടുംബവും സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് രജനികാന്ത് എത്തിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
സിനിമാ ജീവിതം അവസാനിപ്പിക്കാനുള്ള ശരിയായ സമയം ഇതാണെന്നും ഇനി ആരോഗ്യകാര്യങ്ങളിലും ആത്മീയ വഴികളിലുമൊക്കെ ശ്രദ്ധ കൊടുക്കാമെന്നുമാണ് കുടുംബത്തിന്‍റെ അഭിപ്രായമെന്നും ഇതേ റിപ്പോര്‍ട്ടില്‍ ഉണ്ട്. രജനി ചിത്രങ്ങളുടെ ആവേശം തിയറ്ററില്‍ നിന്ന് ഒഴിയുന്നതിന്‍റെ നിരാശ പങ്കുവെക്കുമ്പോഴും ആരാധകര്‍ക്കും തത്വത്തില്‍ ഇതിനോട് യോജിപ്പാണ്. കമല്‍ ഹാസനൊപ്പം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് രജനിയുടെ അപ്കമിംഗ് ലൈനപ്പുകളില്‍ പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒന്ന്. എന്നാല്‍ ഇതിന്‍റെ സംവിധായകനെ ഇനിയും തീരുമാനിച്ചിട്ടില്ല. ജയിലര്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിന്‍റെ പേരാണ് ഈ പ്രോജക്റ്റിന്‍റെ സംവിധായകനായി ഉയര്‍ന്ന് കേള്‍ക്കുന്നത്.

നെല്‍സണിന്‍റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജയിലര്‍ 2 ആണ് രജനിയുടേതായി ഇനി തിയറ്ററുകളില്‍ എത്തുക. കമലിനൊപ്പം അഭിനയിക്കുന്ന ചിത്രത്തിന് മുന്‍പായി കമല്‍ ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രത്തിലും രജനികാന്ത് അഭിനയിക്കുന്നുണ്ട്. സുന്ദര്‍ സി ആണ് ഇതിന്‍റെ സംവിധാനം. ബോളിവുഡ് നിര്‍മ്മാതാവ് സാജിദ് നദിയാദ്‍വാല നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രവും ആലോചനയിലുണ്ട്.
