നവംബറിൽ വരുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ അറിയാം.., ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇങ്ങനെ


നവംബർ മാസത്തിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. സാധാരണക്കാരന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയേക്കാവുന്ന പ്രധാന സാമ്പത്തിക കാര്യങ്ങളിൽ ചെറുതല്ലാത്ത മാറ്റങ്ങൾ വരാനിരിക്കുകയാണ്. ഈ മാറ്റങ്ങൾ ബാങ്ക് ഉപഭോക്താക്കളെയും ക്രെഡിറ്റ് കാർഡ് ഉടമകളെയും കേന്ദ്ര സർക്കാർ ജീവനക്കാരെയും വരെ സ്വാധീനിക്കും. ബാങ്ക് അക്കൗണ്ടുകൾക്കും ലോക്കറുകൾക്കും ഒന്നിലധികം നോമിനേഷനുകൾ അനുവദിക്കുന്നത് മുതൽ പുതിയ മാറ്റങ്ങൾ ഇതിൽപ്പെടുന്നു. വിശദമായി അറിയാം.
2025 നവംബർ 1 മുതൽ, നിക്ഷേപ അക്കൗണ്ടുകൾ, ലോക്കറുകൾ തുടങ്ങിയവക്ക് 4 നോമിനികളെ വരെ ചേർക്കാനാകും. നാല് പേരെയും ഒരേസമയം നോമിനിയാക്കാനോ അല്ലെങ്കിൽ പിന്തുടർച്ചയുടെ ക്രമം വക്കാനോ കഴിയും. അപ്രതീക്ഷിതമായി അക്കൗണ്ട് ഉടമക്ക് എന്തെങ്കിലും സംഭവിച്ചാൽ അവകാശികൾക്ക് എളുപ്പത്തിൽ ഫണ്ട് ക്ലെയിം ചെയ്യാനാണിത്. 2025 ലെ ബാങ്കിംഗ് നിയമ (ഭേദഗതി) നിയമത്തിലെ 10 മുതൽ 13 വരെയുള്ള വകുപ്പുകൾ പ്രകാരമുള്ള വ്യവസ്ഥകൾ പ്രകാരമാണിത്.

എസ്‌ബിഐ കാർഡ് ഫീസ് സ്ട്രക്ച്ചറിലും മറ്റ് ചാർജുകളിലും ചില മാറ്റങ്ങൾ വരുന്നുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്‌മെന്റുകൾ, വാലറ്റ് ലോഡുകൾ തുടങ്ങിയ തിരഞ്ഞെടുത്ത ഇടപാടുകൾക്കാണ് പുതിയ നിരക്കുകൾ ബാധകമാകുക. CRED, Cheq, MobiKwik പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ വഴി നടത്തുന്ന ഇത്തരത്തിലുള്ള പേയ്മെന്റുകൾക്ക് ഇടപാട് തുകയുടെ 1% ഇനി ബാധകമാകുമെന്ന് എസ്‌ബിഐ കാർഡ് അറിയിച്ചിട്ടുണ്ട്. എന്നാൽ, സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവയിലേക്ക് നേരിട്ട് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ ഓൺ-സൈറ്റ് പിഒഎസ് മെഷീനുകൾ വഴിയോ നടത്തുന്ന പേയ്‌മെന്റുകൾക്ക് ഈ ഫീസ് ഈടാക്കില്ലെന്ന് എസ്‌ബിഐ കാർഡ് വ്യക്തമാക്കി.1000 രൂപക്ക് മുകളിലുള്ള ഓരോ വാലറ്റ് ലോഡ് ഇടപാടിനും ഇടപാട് തുകയുടെ 1% ഈടാക്കും. തിരഞ്ഞെടുത്ത മർച്ചന്റ് കോഡുകൾ പ്രകാരം തിരിച്ചറിയുന്ന ഇടപാടുകൾക്ക് ഇത് ബാധകമാണ്.
2025 ഒക്ടോബർ 16 ന് ബാങ്ക് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വിവിധ ലോക്കർ വിഭാഗങ്ങൾക്കുള്ള ലോക്കർ ചാർജുകൾ കുറച്ചിട്ടുണ്ട്. ബാങ്കിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിന് ശേഷം പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. എല്ലാ പ്രദേശങ്ങളിലും ചാർജുകളിലെ മാറ്റം പ്രാബല്യത്തിൽ വരും.
എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ പെൻഷൻകാരും അവരുടെ പ്രതിമാസ പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) സമർപ്പിക്കേണ്ടതുണ്ട്. 2025 നവംബർ 1 മുതൽ 2025 നവംബർ 30 വരെയുള്ള സമയമാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. പെൻഷനർ ജീവിച്ചിരിക്കുന്നുണ്ടെന്നും പെൻഷൻ പേയ്‌മെന്റുകൾക്ക് ഇപ്പോഴും അർഹതയുണ്ടെന്നും തെളിയിക്കാനാണ് വർഷാവർഷം ഇത് ചെയ്യുന്നത്. 80 വയസിനു മുകളിലുള്ളവർക്ക് ഒക്ടോബർ 1 മുതൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ സമയം നൽകിയിരുന്നു.
കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ദേശീയ പെൻഷൻ സംവിധാനത്തിൽ (എൻപിഎസ്) നിന്ന് ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് (യുപിഎസ്) മാറുന്നതിനുള്ള സമയപരിധി 2025 നവംബർ 30 വരെ നീട്ടി. ഈ സമയപരിധി യോഗ്യരായ നിലവിലുള്ള ജീവനക്കാർക്കും, നേരത്തെ വിരമിച്ചവർക്കും, എൻപിഎസിന് കീഴിൽ വരുന്ന വിരമിച്ചവരുടെ ജീവിത പങ്കാളികൾക്കും ഇത് ബാധകമാണ്.
