സപ്ലൈകോയില്‍ ഓഫര്‍പെരുമഴ നവംബര്‍ ഒന്ന് മുതല്‍; 5 രൂപയ്ക്ക് പഞ്ചസാരയും, സ്ത്രീകള്‍ക്ക് പ്രത്യേക കിഴിവും

സപൈകോയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതല്‍ ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തില്‍ വരും. നവംബര്‍ ഒന്നു മുതല്‍ വിവിധതരത്തിലുള്ള പദ്ധതികള്‍ സപ്ലൈകോ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയില്‍ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും.

ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്‌സിഡി അരിയില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 20 കിലോഗ്രാം അരി നല്‍കും. നിലവില്‍ ഇത് 10 കിലോഗ്രാം ആണ്. സപ്ലൈകോയിലെ ഉപഭോക്താക്കള്‍ക്ക് പ്രിവിലേജ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. ഇതുവഴി ഓരോ പര്‍ച്ചേസിലും പോയിന്റുകള്‍ ലഭിക്കുകയും, ഈ പോയിന്റുകള്‍ വഴി പിന്നീടുള്ള പര്‍ച്ചേസുകളില്‍ വിലക്കുറവ് ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പ്രധാന ഓഫറുകളും ഇളവുകളും

യുപിഐ പണമിടപാട്: 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ യുപിഐ മുഖേന അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് രൂപ വിലക്കുറവ് ലഭിക്കും.
ശബരി ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം കിഴിവ്: 88 രൂപ വിലയുള്ള ശബരി അപ്പം പൊടിയും ശബരി പുട്ടു പൊടിയും വെറും 44 രൂപയ്ക്ക് (50 ശതമാനം വിലക്കുറവോടെ) വാങ്ങാം.
‘അഞ്ചുമണി’ ഓഫര്‍: വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡഡ് നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം അധിക വിലക്കുറവ് ലഭിക്കും.
പഞ്ചസാര അഞ്ച് രൂപയ്ക്ക്: 1000 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു കിലോ പഞ്ചസാര വെറും അഞ്ച് രൂപയ്ക്ക് സ്വന്തമാക്കാം.
ശബരി ഗോള്‍ഡ് ടീ കുറഞ്ഞ വിലയില്‍: 500 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 105 രൂപ വിലയുള്ള 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് ടീ 61.50 രൂപയ്ക്ക് ലഭിക്കും.
വനിതകള്‍ക്ക് പ്രത്യേക കിഴിവ്: സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്.

