ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായുള്ള കൂടിക്കാഴ്ച അതിമനോഹരമെന്ന് ട്രംപ്

വ്യാപാര ചർച്ചകളിൽ കൊടുത്തും വാങ്ങിയും അമേരിക്കയും ചൈനയും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ച അതിമനോഹരമായിരുന്നുവെന്നും, പത്തിൽ പന്ത്രണ്ട് മാർക്ക് നൽകിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. അടിസ്ഥാന വിഷയങ്ങളിൽ തൊടാതെയുള്ള ചർച്ചകളായിരുന്നെങ്കിലും താൽകാലിക വ്യാപാര വെടിനിർത്തലിന്റെ ആശ്വാസത്തിലാണ് ഇരു രാജ്യങ്ങളും.

ഒരു മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ് എന്നാണ് ഷീ ജിൻപിങ്ങിനെ ട്രംപ് വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും ധാരാളം കാര്യങ്ങളിൽ ഇതിനോടകം ധാരണയിലെത്തിയതായും കൂടുതൽ കാര്യങ്ങളിൽ ഉടൻ ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
താരിഫുകളിൽ 10% കുറവ് വരുത്തൽ, സോയാബീൻ വാങ്ങുന്നത് പുനരാരംഭിക്കൽ, അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതി സംബന്ധിച്ച തർക്കവിഷയളിൽ ധാരണയിലെത്തൽ എന്നിവ ഉൾപ്പെടെ ഷീ ജിൻപിങ്ങുമായി സാമ്പത്തിക, വ്യാപാര രംഗങ്ങളിൽ വിപുലമായ ധാരണകളിലെത്തിയതായി ട്രംപ് വ്യക്തമാക്കി.

ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇരുനേതാക്കളും മുഖാമുഖം കണ്ടുമുട്ടിയത്. ദക്ഷിണ കൊറിയയിൽ വെച്ച് നടന്ന കൂടിക്കാഴ്ച വലിയ ബഹുമതിയാണെന്നും ചൈനീസ് പ്രസിഡന്റുമായി ദീർഘകാലത്തേക്ക് അതിശയകരമായ ഒരു ബന്ധമുണ്ടാകുമെന്ന് കരുതുന്നുവെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങൾക്കും എല്ലായ്പ്പോഴും ഒരേ അഭിപ്രായമല്ല ഉള്ളതെങ്കിലും പങ്കാളികളും സുഹൃത്തുക്കളും ആകാൻ ശ്രമിക്കണമെന്ന് ഷീ ജിൻ പിങ് ട്രംപിനോട് പറഞ്ഞു. പ്രധാന രാജ്യങ്ങൾ എന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം സംയുക്തമായി ഏറ്റെടുക്കാനും ഇരു രാജ്യങ്ങളുടെയും ലോകത്തിൻ്റെയും നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

