പി.എം ശ്രീ മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ അറിയിക്കും

പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനാള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും.

മരവിപ്പിക്കൽ കത്തിന്റെ കരട് തയാറായി. വിദേശത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും കേന്ദ്രത്തിന് ചീഫ് സെക്രട്ടറി കത്ത് അയക്കുക.
പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി രംഗത്തുവന്നിരുന്നു. ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പി എം ശ്രീയില്‍ ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് എംഎ ബേബിയുടെ വിമര്‍ശനം. ധാരണാപത്രത്തില്‍ ഒപ്പിടുന്നത് എല്ലാവര്‍ക്കും വ്യക്തത വരുന്ന രീതിയിലാകണമായിരുന്നുവെന്നും എംഎ ബേബി പറഞ്ഞു.

എംഎ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ നടത്തിയ ചില നിര്‍ണായക കൂടിക്കാഴ്ചയാണ് ധാരണാപത്രം മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് വഴിവച്ചത്. . പിഎം ശ്രീ പദ്ധതി പിന്‍വലിക്കാതെ തങ്ങളുടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ സിപിഐഎം പ്രതിരോധത്തിലാവുകയായിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ സിപിഐയുടെ നിലപാട് വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുമെന്ന തിരിച്ചറിവാണ് പിഎം ശ്രീയില്‍ യു ടേണ്‍ എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ രഹസ്യമായി പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് ഇടതുപക്ഷത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് വഴിമാറുകയായിരുന്നു. കാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട നിലപാട് സിപിഐഎമ്മിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു.

