7,90,000 വാങ്ങിയത് ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച്, പറ്റിച്ചത് 4 സുഹൃത്തുക്കളെ, പ്രതി പിടിയില്‍

തൃശൂര്‍: വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചാലക്കുടി കോടശേരി നായരങ്ങാടി സ്വദേശി തെക്കിനിയത്ത് വീട്ടില്‍ ബിബിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആളൂര്‍ താഴേക്കാട് പറമ്പി റോഡ് സ്വദേശി പത്താംമഠം വീട്ടില്‍ ഷബിന്‍, സുഹൃത്തുക്കളായ നിഖില്‍, അക്ഷയ്, പ്രസീദ് എന്നിവരാണ് തട്ടിപ്പിനിരയായത്.

കുവൈറ്റിലേക്കുള്ള ജോബ് വിസ ശരിക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഷബിന്റെയും കൂട്ടുകാരുടേയും കൈയില്‍നിന്ന് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി 7,90,000 രൂപ അയച്ച് വാങ്ങി. തുടര്‍ന്ന് ജോബ് വിസ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല. സംഭവത്തില്‍ ഷബിന്‍ പരാതി നല്‍കിയിത് പ്രകാരമാണ് കേസെടുത്തത്.
ബിബിന്‍ കൊരട്ടി, ചാലക്കുടി, കണ്ണമാലി പോലീസ് സ്റ്റേഷന്‍ പരിധികളിലായി നാല് തട്ടിപ്പ് കേസുകളിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ബി. ഷാജിമോന്‍, എസ്.ഐ. കെ.ടി. ബെന്നി, ജി.എസ്.സി.പി.ഒ. പി.സി. സുനന്ദ്, സി.പി.ഒ. തുളസി, എ.ബി. കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

