ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും സ്വത്ത് കണ്ടുകെട്ടി ഇ ഡി

നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബെറ്റിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുവരും അറിഞ്ഞുകൊണ്ട് കരാറില്‍ ഏര്‍പ്പെട്ടുവെന്ന് ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു.

ശിഖര്‍ ധവാന്റെ 4 .5 കോടി വിലമതിയ്ക്കുന്ന സ്ഥാപന സ്വത്തുക്കളും സുരേഷ് റെയ്നയുടെ 6 .64 കോടി രൂപയുടെ സ്വത്തു വകകളുമാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. വണ്‍എക്‌സ് ബെറ്റ് എന്ന ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിനെതിരായ കേസിലാണ് നടപടി. വാതുവെപ്പ് പ്ലാറ്റ്ഫോമായ വണ്‍എക്‌സ് ബെറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ ഇ ഡി സമന്‍സ് അയച്ചിരുന്നു.ഉപയോക്താക്കളെ വഞ്ചിക്കുകയും ഗണ്യമായ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായാണ് ആപ്പിനെതിരായ ആരോപണം.
അതേസമയം, ക്രിക്കറ്റ് താരങ്ങള്‍ക്കപ്പുറത്തേക്ക് അന്വേഷണം വ്യാപിക്കാനാണ് നീക്കം, ടെക് കമ്പനികളായ ഗൂഗിള്‍, മെറ്റ എന്നിവയുടെ പ്രതിനിധികളെയും ഇ ഡി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

