
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ സ്കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പൊലീസ് കസ്റ്റഡിയില്‍. റെനി ജോഷില്‍ഡയെന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് പൊലീസിന്റെ പിടിയിലായത്.ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി ഇ-മെയിലുകള്‍ അയച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
ഗുജറാത്ത് പൊലീസ് ആണ് ഇവരെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് ബോഡി വാറണ്ടില്‍ ബെംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്നു. പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കേസാണ് ഇവർക്കെതിരെ ഉള്ളത്. തന്റെ യഥാർത്ഥ സ്ഥലവും ഐഡന്റിറ്റിയും മറച്ചുവെച്ച് ഒരു വെർച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) വഴിയാണ് യുവതി ഭീഷണി ഇമെയിലുകള്‍ അയച്ചതെന്നാണ് റിപ്പോർട്ടുകള്‍.

പ്രണയാഭ്യർത്ഥന നിരസിക്കപ്പെട്ടതിന്റെ നിരാശയാലാണ് യുവതി ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. തന്റെ പ്രണയം നിരസിച്ച യുവാവ് മറ്റൊരു വിവാഹം കഴിക്കുകകൂടി ചെയ്തതോടെ യുവതിക്ക് പകയായി. ഇതോടെ യുവാവിനെ കുടുക്കാനുള്ള റെനിയുടെ തന്ത്രമായിരുന്നു ഭീഷണി സന്ദേശങ്ങളെന്ന് പൊലീസ് പറഞ്ഞു.
ജൂണ്‍ 14 ന് രാത്രി ബെംഗളൂരുവിലെ ഒരു പബ്ലിക് സ്കൂളിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സ്കൂള്‍ പ്രിൻസിപ്പല്‍ ഉടൻ തന്നെ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ബെംഗളൂരുവിലുടനീളം സമാനമായ വ്യാജ ബോംബ് ഭീഷണികള്‍ ഉയർന്നതോടെ, ബന്ധപ്പെട്ട എല്ലാ കേസുകളും ഏറ്റെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നോർത്ത് ഡിവിഷൻ സൈബർ ക്രൈം യൂണിറ്റിന് നിർദ്ദേശം നല്‍കി.

റെനി ജോഷില്‍ഡയുടെ പ്രവർത്തനങ്ങള്‍ കർണാടകയില്‍ മാത്രം ഒതുങ്ങിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും ഇവർ വ്യാജഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. ജൂണില്‍ അഹമ്മദാബാദ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കർണാടക പൊലീസ് നടത്തിയ അന്വേഷണത്തില്‍ കർണാടകയിലെ സ്കൂളുകള്‍ക്ക് അയച്ച വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ക്കു പിന്നിലും ഇവരാണെന്ന് തെളിയുകയായിരുന്നു.
