തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് വിചിത്ര സഖ്യം; മുസ്ലീം ലീഗിനെതിരെ സിപിഎമ്മുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ്, മത്സരിക്കുന്നത് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍

മലപ്പുറം: മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെതിരെ സിപിഎമ്മുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ്. മലപ്പുറം പൊന്‍മുണ്ടം പഞ്ചായത്തിലാണ് വിചിത്ര സഖ്യം. ജനകീയ മുന്നണിയെന്ന പേരിലാണ് സഖ്യം രൂപപ്പെട്ടത്. കോണ്‍ഗ്രസ് 11 സീറ്റിലും സിപിഎം 5 സീറ്റിലും മുന്നണിയായി ഒന്നിച്ച് മത്സരിക്കാനാണ് ധാരണ. രണ്ട് സീറ്റുകള്‍ ടീം പൊന്‍ മുണ്ടം എന്ന കൂട്ടായ്മക്ക് നല്‍കാനും ധാരണയായിട്ടുണ്ട്. സിപിഎം സഖ്യത്തില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളാണ്. ജില്ലാ ജനറല്‍ സെക്രട്ടിയും ബ്ലോക്ക് പ്രസിഡണ്ടുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാവും. ഏരിയാ കമ്മിറ്റിയംഗങ്ങളും ലോക്കല്‍ സെക്രട്ടറിയുമടമുള്ള നേതാക്കളെ മത്സരിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

മുന്നണി പൊളിച്ചത് മുസ്ലീം ലീഗാണെന്നും കോണ്‍ഗ്രസ് ജനാധിപത്യ മതേതര പ്ലാറ്റ്‌ഫോം ഉണ്ടാക്കി മത്സരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് എന്‍ ആര്‍ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, കോണ്‍ഗ്രസ് – സിപിഎം ധാരണക്കെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി. വിഷയത്തില്‍ കോണ്‍ഗ്രസ് ജില്ല, സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പ് നേതൃത്വം ഗൗരവമായി കാണണമെന്നും ഇല്ലെങ്കില്‍ പല നിയമസഭ മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നും മുസ്ലീം ലീഗ് നേതാവ് മൊയ്തീന്‍ കുട്ടി പ്രതികരിച്ചു.
