മന്ത്രിക്കെതിരെ ഉയര്‍ന്നത് അനാവശ്യ വിവാദം; വയസായ മനുഷ്യനല്ലെ, കുറച്ച് കരുണയൊക്കെ കാണിക്കണം: വേടന്‍

കൊച്ചി: തനിക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ടെന്ന് റാപ്പര്‍ വേടന്‍. എന്നാലത് ശീലമായെന്നും താന്‍ മരിക്കുന്നതുവരെയും അത് തുടരുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ ഉയര്‍ന്നത് അനാവശ്യ വിവാദങ്ങളാണെന്നും വേടന്‍ പറഞ്ഞു. താനും മന്ത്രിയുമായി പരസ്പരം നല്ല ടേമിലാണെന്നും തന്റെ വര്‍ക്കുമായി ബന്ധപ്പെട്ടൊക്കെ സംസാരിക്കാറുണ്ടെന്നും പറഞ്ഞ വേടന്‍ മന്ത്രി അങ്ങനെയൊന്നും പറയില്ലെന്നും വ്യക്തമാക്കി. അദ്ദേഹം വയസായ മനുഷ്യനാണ്, കരുണ കാണിക്കണമെന്നും വേടന്‍ പറഞ്ഞു.
വേടന്റെ വാക്കുകള്‍

‘എനിക്കെതിരെ സംഘടിത ആക്രമണമുണ്ട്. പക്ഷെ അത് ശീലമായി. ഞാന്‍ മരിക്കുന്നതുവരെയും ഈ ആക്രമണം തുടരും. അനാവശ്യ വിവാദമായിരുന്നു മന്ത്രിക്കെതിരെ വന്നത്. ഞങ്ങള്‍ നല്ല ടേമിലുള്ള ആള്‍ക്കാരാണ്. അദ്ദേഹം അങ്ങനെ പറയില്ല. അദ്ദേഹം ഇത്തിരി വയസൊക്കെ ആയ മനുഷ്യനല്ലെ, നമ്മള്‍ കുറച്ച് കരുണയൊക്കെ കാണിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കേസിന്റെ കാര്യത്തില്‍ കൂടുതല്‍ സംസാരിക്കാനില്ല’ വേടൻ പറഞ്ഞു.
വേടന് പോലും അവാർഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ വിവാദമായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വേടനെപ്പോലും തങ്ങള്‍ അവാർഡിനായി സ്വീകരിച്ചുവെന്ന മന്ത്രിയുടെ പരാമർശം. പരാമർശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. പോലും എന്ന വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. വേടന്റെ വാക്കുകള്‍ മാത്രമാണ് താൻ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നല്‍കിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഇത് അപമാനിക്കുന്നതിന് തുല്യമമാണെന്നും അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടൻ പറഞ്ഞതും വാർത്തയായിരുന്നു. പിന്നാലെ മന്ത്രി സജി ചെറിയാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം തന്റെ സംഗീതത്തിന് വലിയ പിന്തുണ നല്‍കുന്നയാളാണെന്നും വ്യക്തമാക്കി വേടൻ രംഗത്തെത്തി. താൻ മന്ത്രിക്കെതിരെ പറഞ്ഞുവെന്ന തരത്തില്‍ വാർത്തകള്‍ വളച്ചൊടിക്കപ്പെട്ടു. ഇക്കാര്യം തന്നെ വേദനിപ്പിക്കുന്നുവെന്നും വേടൻ പറഞ്ഞിരുന്നു.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന് ലഭിച്ചത്. ലൈംഗിക പീഡന കേസുകള്‍ നേരിടുന്നയാള്‍ക്ക് സംസ്ഥാനപുരസ്‌കാരം നല്‍കുന്നത് ഉചിതമല്ലെന്ന വിമർശനവും ഉയർന്നിരുന്നു.
