വള്ളം കത്തിനശിച്ചു: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

മത്സ്യബന്ധനത്തിനിടെ തീപിടിച്ച് കത്തി നശിച്ച ബോട്ടിന്റെ ഉടമയ്ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്ത് കുട്ടൂസന്റെ പുരക്കല്‍ അന്‍വറിന്റെ വീട്ടിലെത്തി ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം ബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍ നല്കി.

അന്‍വറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ഖൈറാത്ത് വള്ളമാണ് മത്സ്യബന്ധനത്തിനിടെ തീപിടിച്ച് കത്തി നശിച്ചത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പുതുതായി ആവിഷ്കരിച്ച പദ്ധതി പ്രകാരമാണ് പ്രത്യേക ധനസഹായം അനുവദിച്ചത്.
മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും വള്ളം ഉടമകളും വാര്‍ഷിക വിഹിതം കൃത്യമായി അടക്കുന്നതിനും, സമയബന്ധിതമായി അനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കുന്നതിനും മുന്‍കൈയെടുക്കണമെന്ന് കൂട്ടായി ബഷീര്‍ പറഞ്ഞു. മത്സ്യ ബോര്‍ഡ് മേഖല എക്സിക്യൂട്ടീവ് അബ്ദുല്‍ മജീദ് പോത്തനൂറാന്, ജൂനിയര്‍ എക്സിക്യൂട്ടീവ് സി. ആദര്‍ശ്, ട്രേഡ് യൂണിയന് പ്രവര്‍ത്തകരായ അനില്‍കുമാര്‍, സരാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

