‘6 ലക്ഷം കടം വാങ്ങിയതിന് തിരിച്ചടച്ചത് 40 ലക്ഷം’, ഗുരുവായൂരിലെ വ്യാപാരിയുടെ ആത്മഹത്യയില്‍ പ്രധാന പ്രതി അറസ്റ്റില്‍

തൃശൂര്‍: കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. നെന്മിനി തൈവളപ്പില്‍ പ്രഗിലേഷാണ് മുംബൈയില്‍ അറസ്റ്റിലായത്. ഒക്ടോബര്‍ 10നാണ് മുസ്തഫയെ കര്‍ണംകോട് ബസാറിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണി മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു മുസ്തഫയുടെ ആത്മഹത്യാ കുറിപ്പില്‍ വിശദമാക്കിയിരുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പ്രഗിലേഷ്, ദിവേക് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇരുവരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. പ്രഗിലേഷിന്റെ വീട് അടഞ്ഞു കിടന്നിരുന്നതിനാല്‍ കോടതിയുടെ അനുമതി വാങ്ങി പൂട്ട് തകര്‍ത്താണ് റെയ്ഡ് നടത്തിയത്. പ്രഗിലേഷും ദിവേകും മുസ്തഫയെ വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദിച്ചതായും പരാതിയുണ്ടായിരുന്നു. ആറ് ലക്ഷം കടമെടുത്തതിന് 40 ലക്ഷത്തോളം തിരിച്ചടച്ചുവെന്നും ഭൂമി എഴുതി വാങ്ങിയെന്നും മുസ്തഫ കത്തില്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രഗിലേഷിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്.
കേസെടുത്തതോടെ പ്രഗിലേഷും കുടുംബവും ഒളിവില്‍ പോകുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്തത ശേഷം ഇവര്‍ കാറില്‍ കയറിപ്പോയതായാണ് അറിയാന്‍ സാധിച്ചത്. ഇത് വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് മുംബൈയിലെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തിയ ടെമ്പിള്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി മുംബൈയിലെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി പൊലീസ് ഗുരുവായൂരിലേക്ക് തിരിച്ചിട്ടുണ്ട്.

