ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ്; പ്രതിസന്ധി തുടരുമ്പോള്‍ പ്രദേശത്തെ നിരോധനാജ്ഞ ഈ മാസം 13 വരെ ദീര്‍ഘിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബര്‍ 13 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജങ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഈ പ്രദേശങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ചു കൂടുന്നതിനും ഏതെങ്കിലും രീതിയുള്ള പ്രതിഷേധമോ പൊതുപരിപാടികളോ പ്രകടനങ്ങളോ നടത്തുന്നതിനും വിലക്കേര്‍പ്പടുത്തിയിട്ടുണ്ട്.

പ്രദേശവാസികളുടെ സമരം പുനരാരംഭിച്ചു
താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ സമരം പുനരാരംഭിച്ചു. ഫ്രഷ് കട്ട് ഫാക്ടറിക്ക് ഒന്നര കിലോമീറ്ററോളം അകലെ പന്തല്‍ കെട്ടിയാണ് സമരം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ സമരത്തില്‍ പങ്കാളികളായി. എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എംഎന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി, കോടഞ്ചേരി, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുത്തു. ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയില്‍ ആയവരുടെ എണ്ണം 16 ആയി.

