Fincat

ഗോള്‍ഡന്‍ വാലി നിധി തട്ടിപ്പ്: താരയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു; പത്ത് ലക്ഷം രൂപ തട്ടിയെന്ന പുതിയ പരാതിയില്‍ നടപടി

 

ഗോള്‍ഡന്‍ വാലി നിധി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കാമെന്ന ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ മുഖ്യപ്രതിയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡന്‍വാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ എം.താര (താര കൃഷ്ണന്‍-51) യെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കാനഡയിലേക്ക് കടന്ന താരയെ കഴിഞ്ഞ 29 ന്.

1 st paragraph

തമ്പാനൂര്‍ പൊലീസ് സംഘം ബംഗുളുരൂ എയര്‍പോര്‍ട്ടില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് റിമാന്റിലായ താര, പരാതിക്കാര്‍ക്കുള്ള തുക ഉടന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
താര പണം മടക്കി നല്‍കാതെ വന്നതോടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ വീണ്ടും പരാതികളെത്തി. ഇതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പുതിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം ഫോര്‍ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി.ബിനുകുമാറിന്റെ നിര്‍ദേശപ്രകാരം തമ്പാനൂര്‍ എസ്.എച്ച്.ഒ ജിജു കുമാറും, എസ്.ഐ ബിനു മോഹനും നേതൃത്വം നല്‍കിയ പൊലീസ് സംഘമാണ് താരയെ അറസ്റ്റ് ചെയ്തത്. സിപിഒമാരായ കെ.അരുണ്‍ കുമാര്‍, സയന, ഗീതു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ താരയെ വീണ്ടും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. താരയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കേസിലെ മറ്റൊരു പ്രതി കുവൈറ്റിലേക്ക് കടന്ന കമ്പനി ഡയറക്ടര്‍ കെ.ടി തോമസിനെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. മറ്റ് രണ്ട് ഡയറക്ടര്‍മാരെയും കേസില്‍ കണ്ടെത്താനുണ്ട്.
തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, വെള്ളാണിയിലെ പാമാംകോട് എന്നിവിടങ്ങളിലാണ് ഗോള്‍ഡന്‍വാലി നിധി എന്ന പേരില്‍ സ്ഥാപനം നടത്തിവന്നത്. നിധി കമ്പനിയുടെ മറവില്‍ ഗോള്‍ഡ് ലോണും, സ്ഥിര നിക്ഷേപ അക്കൗണ്ടുകളുമാണ് നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. ഡയറക്ടര്‍മാരായ താര, തോമസ് എന്നിവരെ നിക്ഷേപകര്‍ സമീപിച്ചപ്പോള്‍ സമയം നീട്ടി വാങ്ങി ഇരുവരും സ്ഥലം വിട്ടു. പിന്നീടാണ് നിക്ഷേപകര്‍ പൊലീസില്‍ പരാതിപ്പെട്ടത്.